ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ടി പദ്ധതി സുപ്രീം കോടതി തടഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സംഭാവന വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും സംഭാവന വിവരങ്ങൾ രഹസ്യമാക്കുനന്ത് ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് തടയാനുള്ള ഏക മാർഗമല്ല ഇലക്ടറൽ ബോണ്ട്. സംഭാവന സംബന്ധിച്ച രഹസ്യാത്മകത വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. സംഭാവന സംബന്ധിച്ച മുഴുവൻ വിവരങ്ങളും പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ഇലക്ടറൽ ബോണ്ട് റദ്ദാക്കാനും സുപ്രീം കോടതി നിർദേശം നൽകി. ഇലക്ടറൽ ബോണ്ടുകളുടെ വിതരണം നിർത്താൻ എസ്ബിഐയ്ക്കാണ് നിർദേശം നൽകിയത്. സംഭവാന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനം കൂടും. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിന് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. 2017 ലെ യൂണിയൻ ബജറ്റ് സെഷനിൽ ആദ്യമായി പ്രഖ്യാപിച്ച, “ഇലക്ടറൽ ബോണ്ടുകൾ” പലിശ രഹിത “ബെയറർ ഇൻസ്ട്രുമെന്റ്സ്” ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറർക്ക് നൽകണം എന്നാണ്.
സാധാരണയായി 1,000 രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള മൂല്യങ്ങളിൽ വിൽക്കുന്ന ഈ ബോണ്ടുകൾ കെവൈസി (KYC) മാനദണ്ഡങ്ങൾ പാലിക്കുന്ന അക്കൗണ്ടുകൾ വഴി അംഗീകൃത എസ്ബിഐ ശാഖകളിൽ നിന്ന് വാങ്ങാം. 1,000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയാണ് എസ്ബിഐ ബോണ്ടുകൾ പുറത്തിറക്കുന്നത്.
ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് പണമാക്കി മാറ്റാം. ബോണ്ട് വർഷം മുഴുവനും വാങ്ങാൻ കഴിയില്ല, ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ വരുന്ന 10 ദിവസത്തെ കാലയളവിനുള്ളിൽ (വിൻഡോസ്) മാത്രമേ അവ വാങ്ങാൻ കഴിയൂ. ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം, സംഭാവന നൽകുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുകയില്ല.