കേരള മുന്‍ ഫുട്‌ബോള്‍ താരം ടി എ ജാഫര്‍ (79)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് മരണം. 1973ല്‍ ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീമിന്റെ വൈസ് കാപ്റ്റനും പിന്നീട് കേരള ടീം പരിശീലകനുമായിരുന്നു.
1992ലും 1993ലും കേരള സന്തോഷ് ട്രോഫി നേടിയപ്പോള്‍ ചാംപന്‍മാരായ കേരള ടീമിന്റെ കോചായിരുന്നു ജാഫര്‍. 1969ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിലാണ് ജാഫര്‍ ആദ്യമായി കേരളത്തിനുവേണ്ടി കളിച്ചത്. 1974ല്‍ കേരള ടീം കാപ്റ്റനായി.
ശ്രീലങ്ക, ബെംഗ്‌ളൂറു, കൊല്ലം എന്നിവിടങ്ങളില്‍ നടന്ന പെന്റാങ്കുലര്‍ ടൂര്‍ണമെന്റുകളിലും കൊച്ചിയിലെ പ്രദര്‍ശന മത്സരത്തില്‍ ജര്‍മനിയെ നേരിട്ട ഇന്‍ഡ്യന്‍ ടീമിലും കളിച്ചിട്ടുണ്ട്. 1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയര്‍ ടയേഴ്‌സിന്റെ താരമായിരുന്നു. 44-ാം വയസില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.