അധ്യാപകന്‍റെ കൈവെട്ടിയ കേസ് ; മുഖ്യപ്രതി സവാദ്  പിടിയിൽ ഒളിവില്‍ കഴിഞ്ഞത്13 വര്‍ഷം

അധ്യാപകന്‍റെ കൈവെട്ടിയ കേസ് ; മുഖ്യപ്രതി സവാദ് പിടിയിൽ ഒളിവില്‍ കഴിഞ്ഞത്13 വര്‍ഷം

കൊച്ചി: അധ്യാപകൻറെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിൽ ഒന്നാം പ്രതിയായ സവാദിനെയാണ് കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിൽ സംഭവത്തിനുശേഷം 13വർഷമായി സവാദ് ഒളിവിലായിരുന്നു. മരപ്പണി ചെയ്താണ് ഇത്രയും കാലം പ്രതി ഒളിവിൽ കഴിഞ്ഞത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രൊഫസർ ടിജെ ജോസഫിൻറെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു എന്നാണ് പൊലീസ് കേസ്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. സവാദ് എങ്ങനെയാണ് കണ്ണൂരിൽ എത്തിയതെന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല. ഇന്നലെ അർധരാത്രി കണ്ണൂർ ബേരത്തുള്ള വാടക വീട്ടിൽനിന്നാണ് സവാദിനെ പിടികൂടിയത്. ഇവിടെ മരപ്പണിയെടുത്ത് കഴിയുകയായിരുന്നു.

നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികൾ നടത്തിയിരുന്നെങ്കിലും ചില പ്രതികൾ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.സവാദ് കേസിൽ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവിൽ പോയത്. നാസർ വർഷങ്ങൾക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞിരിക്കാമെന്നാണ് സൂചന.

2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരായണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച് അദ്ദേഹത്തിൻറെ കൈവെട്ടി മാറ്റുകയായിരുന്നു. കേസിൽ ആദ്യഘട്ട വിചാരണയിൽ 31 പേരെ പ്രതിയാക്കി എൻഐഎയുടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് 2015 മെയ് എട്ടിന് എൻഐഎ കോടതി ശിക്ഷ വിധിച്ചു. അതിൽ 18പേരെ വെറുതെവിടുകയും പത്തുപേർക്ക് എട്ടു വർഷം തടവും രണ്ടു പേർക്ക് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. പിടികൂടാനുള്ളവരുടെ ശിക്ഷാവിധി പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സംഭവം നടന്ന അന്ന് മുതൽ സവാദ് ഒളിവിലായിരുന്നതിനാൽ ഇയാൾക്കെതിരായ വിചാരണ പൂർത്തിയാക്കാനായിരുന്നില്ല. വിദേശത്തേക്ക് കടന്നശേഷം നാട്ടിലേക്ക് പിന്നീട് തിരി്ചചുവന്നതാണോയെന്ന കാര്യം ഉൾപ്പെടെ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളു.

Leave a Reply