കാസർകോട്: കാസർകോട് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിലെ വിമത വിഭാഗവും ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്തും മുന്നണിയായി മത്സരിക്കുന്നു. കാലങ്ങളായി ആർഎസ്എസിന് കീഴിലുള്ള അഭിഭാഷക പരിഷത്ത് ഭരിച്ചിരുന്ന ബാർ അസോസിയേഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം- ലീഗ് അനുകൂല സംഘടനകൾ മുന്നണിയായി മത്സരിച്ച് പരിഷത്തിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇത്തവണയും മുന്നണിയായി മത്സരിക്കാൻ ധാരണയിലെത്തുകയും എ ജി നായർ പ്രസിഡണ്ട്, കെ. വിനോദ് കുമാർ വൈസ് പ്രസിഡണ്ട്
പ്രദീപ് റാവു സെക്രട്ടറി, മൊയിനുദ്ധീൻ തങ്ങൾ ജോ സെക്രട്ടറി, ആയിഷ തസ്‌നീം ട്രഷറർ എന്നിങ്ങനെ ഇന്ത്യ സഖ്യം സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പക്ഷം എന്നവകാശപ്പെടുന്ന ലോയേഴ്‌സ് കോൺഗ്രസിലെ ഒരു വിഭാഗം മാറി നിൽക്കുകയും മുൻ ധാരണകൾക്ക് വിരുദ്ധമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തു. സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനിച്ചിട്ടും ഇവരുടെ നോമിനേഷൻ പിൻവലിച്ചിട്ടില്ല. ഇവർ മത്സരിക്കുന്ന പദവികളിലേക്ക് അഭിഭാഷക പരിഷത്ത് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു, ഫലത്തിൽ കോൺഗ്രസ്-സിപിഎം- ലീഗ് അനുകൂല സംഘടനകളുടെ “ഇന്ത്യ” മുന്നണിയും ഔദ്യോഗികം എന്നവകാശപ്പെടുന്ന ലോയേഴ്‌സ് കോൺഗ്രസിലെ വിമതരും പരസ്പരം മത്സരിക്കുന്ന സ്ഥിതി വന്നു. ഇതോടെയാണ് ലോയേഴ്‌സ് കോൺഗ്രസിലെ വിമത വിഭാഗവും അഭിഭാഷക പരിഷത്തും തമ്മിലുള്ള ധാരണ വെളിച്ചത്തായത്.
കോൺഗ്രസ് നേതാവും കാസർകോട് ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ ഗോവിന്ദൻ നായർ നേതൃത്വം നൽകുന്ന വിമത വിഭാഗമാണ് ബിജെപിയുടെ അഭിഭാഷക പരിഷത്തുമായി കൈ കോർത്തത്. അഭിഭാഷക പരിഷത്ത് നേതാവ് കെ എം ഭട്ട് പ്രസിഡണ്ട്, കോൺ നേതാവ് ഉണ്ണികൃഷ്ണൻ കോടോത്ത് വൈസ് പ്രസിഡണ്ട്
കോൺഗ്രസ് നേതാവ് ശ്രീജിത്ത് മാടക്കൽ സെക്രട്ടറി, അഭിഭാഷക പരിഷത്ത് നേതാക്കളായ രാഹുൽദാസ് ജോ സെക്രട്ടറി, ഹർഷിത ട്രഷറർ എന്നിങ്ങനെയാണ് പരിഷത്ത്- കോൺഗ്രസ് വിമത സഖ്യത്തിൻറെ സ്ഥാനാർത്ഥികൾ. ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കെപിസിസിയെ സമീപിച്ചിട്ടുണ്ട്