ഗാസയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തുന്നതില്‍ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധവും അമേരിക്കയ്ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നതിനിടെയാണ് ഈ അഭ്യത്ഥന.
ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 12 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി ഭീകരരെ പിടികൂടാൻ ഈ റെയ്ഡ് സഹായിച്ചതായി ഇസ്രായേല്‍ പ്രതിരോധസേന (ഐഡിഎഫ്) പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍, ഇസ്രായേല്‍ വെസ്റ്റ് ബാങ്കിലെ വാസസ്ഥലങ്ങള്‍ വളരെയധികം കയ്യേറിയിരുന്നു. പലസ്തീൻ രാഷ്ട്രത്തിന് കുറച്ച് പ്രദേശം മാത്രമാണ് വിട്ടുകൊടുത്തത്.
ഹമാസ് നിയന്ത്രിത പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ 18,400 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 7 ന് ദക്ഷിണ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 113 സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ പറയുന്നു.
ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഇസ്രായേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. “സാധാരണക്കാരുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു – ഹമാസിനെ പിന്തുടരുന്നത് നിര്‍ത്തരുത്, എന്നാല്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.”- വാഷിംഗ്ടണിനടുത്തുള്ള ഒരു മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന ഒരു പരിപാടിയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
ഇസ്രായേലിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ
ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് മാറി കൂടുതല്‍ കൃത്യമായ യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവൃത്തിക്കണമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.