പുൽപ്പള്ളിയിൽ തെരുവിൽ പ്രതിഷേധിച്ച് ജനം. പ്രതിഷേധത്തിനിടെ വനംവകുപ്പിന്റെ വാഹനം തകർത്ത് ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. വയനാട്ടിൽ കെണിച്ചിറയിൽ കണ്ടെത്തിയ കടുവ ആക്രമിച്ച് കൊന്ന പശുവിന്റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളിൽ കെട്ടിവച്ചാണ് പ്രതിഷേധം തുടരുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുറുവാ ദ്വീപ് സുരക്ഷാ ജീവനക്കാരനായ പാക്കം വെള്ളച്ചാലിൽ പോളിന്റെ മൃതദേഹം, പുൽപ്പള്ളിയിൽ പൊതുദർശന്നത്തിന് വച്ചിരുന്നു. ഇവിടേയ്ക്കാണ് പശുവിന്റെ മൃതദേഹവുമായി പ്രതിഷേധക്കാർ എത്തിയത്. പോളിന്റെ മരണത്തെതുടർന്ന് വ്യാപക പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയർന്നത്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേ ജീപ്പാണ് തകർത്തത്.
വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വനം, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരാനാണ് തീരുമാനം.
കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ പുല്‍പ്പള്ളി ബസ് സ്റ്റാന്റിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
പരിക്കേറ്റ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ലെന്നും, എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും, വനംമന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് ആവശ്യമുള്ള എല്ലാ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.