ഗസ്സ: വെടിനിര്‍ത്തലിന്‍റെ ആറാം ദിവസമായ ഇന്ന് ഇസ്രായേലും ഹമാസും കൂടുതല്‍ പേരെ മോചിപ്പിച്ചു. ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും 15 വനിതകളും അടക്കം 30 ഫലസ്തീനുകാരെ വിട്ടയച്ചു.10 ഇസ്രായേല്‍ പൗരന്മാരും രണ്ട് തായ് പൗരന്മാരെയും അടക്കം 12 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.
ഇസ്രായേല്‍ വിട്ടയച്ചവരില്‍ ഫലസ്തീൻ സാമൂഹ്യ പ്രവര്‍ത്തകൻ അഹദ് തമീമിയും 14കാരനായ അഹമ്മദ് സലാമും ഉള്‍പ്പെടും. ഹെബ്റോണ്‍, റാമല്ല, ജറുസലം അടക്കം അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ളവരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്. ഹമാസ് റഫ അതിര്‍ത്തി വഴിയാണ് 12 ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്.
ഇതോടെ ഹമാസ് 81 ബന്ദികളെയും ഇസ്രായേല്‍ 180 തടവുകാരെയും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേലും ഹമാസും നടത്തുന്ന അഞ്ചാമത് കൈമാറ്റമാണ് ഇന്ന് നടന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ 10 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 30 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് ധാരണയെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന നാലു ദിവസ വെടിനിര്‍ത്തല്‍, മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് രണ്ടു ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നീട്ടാനും കൂടുതല്‍ ബന്ദികളെയും തടവുകാരെയും കൈമാറുന്നതും സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികര്‍, വനിതാ സൈനികര്‍, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാര്‍ തുടങ്ങിയവരെ അടുത്തഘട്ടത്തില്‍ മോചിപ്പിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.