ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂർത്തമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങൾ ഓർമിക്കേണ്ട സമയമാണ് ഇതെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു. ഭാരതത്തെ ഉന്നതിയിൽ എത്തിക്കാൻ ഉള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഒരോ പൗരന്റെയും പ്രയത്നം അനിവാര്യമാണ്. നിരവധി സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടം കൂടിയാകും ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും രാഷ്ട്രപതി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രാൺപ്രതിഷ്ഠയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. രാമക്ഷേത്രം ഇന്ത്യൻ പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ചടങ്ങ് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ പുനർ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാർ വിലയിരുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് രാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു.കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏഷ്യൻ ഗെയിംസ് പ്രകടനത്തെയും രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു