ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും കൊലകൾക്കും പിന്നിലെ പ്രധാന കാരണമായി ഇപ്പോൾ കണ്ടെത്തപ്പെട്ട കാരണമാണ് വയലൻസ് ചിത്രങ്ങൾ. സമീപ കാലത്തായി പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യാണ് പ്രധാന ഇര. രാത്രികളിൽ പ്രവർത്തിക്കുന്ന തട്ട് കടകളും ടർഫുകളുമാണ് ലഹരി ഉപയോഗത്തിന്റെ പ്രധാന കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ചൂണ്ടിക്കാട്ടലുകൾ പലപ്പോഴും ഇതിന് പിന്നിലെ ഗൗരവകരമായ ചർച്ചകളെ നിസ്സാരവൽകരിക്കുകയാണോ എന്ന് പോലും തോന്നി പോവും.
അക്രമങ്ങൾക്കും കൊലപാതകത്തിനുമുള്ള പ്രധാന കാരണമായി ‘മാർക്കോ’ എന്ന ചിത്രത്തെ ചൂണ്ടിക്കാട്ടുമ്പോൾ സിനിമയെയും സിനിമ ചരിത്രത്തെയും കുറച്ചൽപ്പം പ്രതിപാദിക്കാതെ കടന്ന് പോവാനാവില്ല. ലോക സിനിമയിലെ ആദ്യത്തെ വയലൻസ് ചിത്രമല്ല ‘മാർക്കോ’. മാർക്കോയ്ക്ക് മുമ്പേ വർഷങ്ങൾക്ക് മുമ്പേ വയലൻസ് ഉള്ളടമാക്കി നിരവധി ചിത്രങ്ങൾ ലോക സിനിമയിൽ ഇറങ്ങുകയും അവ മലയാളികളടക്കമുള്ളവർ കാണുകയും ചെയ്തിട്ടുണ്ട്. അതിൽ എത്ര പേർ കൊല നടത്തി എന്ന ചോദ്യം മാത്രം മതിയാകും ‘മാർക്കോ’യെ പ്രതിസ്ഥാനത്ത് നിർത്തണോ എന്ന് ചിന്തിക്കാൻ.
കേരളത്തെ നടുക്കിയ ആലുവയിലെ മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്‌സ് കൊലപാതകവും റിപ്പർ ചന്ദ്രന്റെ കൊലപാതക പരമ്പരയുമൊക്കെ മാർക്കോയും ദൃശ്യവുമൊക്കെ അതിന്റെ കഥാകൃത്തുക്കൾ ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പേ കേരളത്തെ വിറപ്പിച്ച സംഭവങ്ങളാണ്. ഒരു സിനിമ പോലും കാണാത്ത ആളെന്ന് പറയപ്പെട്ടിരുന്ന റിപ്പർ ചന്ദ്രൻ ആരെയായിരിക്കും മാതൃകയാക്കിയത്? മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്‌സ് കൊലപാതക പരമ്പരയിലെ പ്രതി ആന്റണി ഏത് ജിത്തു ജോസഫിന്റെ ദൃശ്യമായിരിക്കും 2001 ൽ കണ്ടിട്ടുണ്ടാവുക. അപ്പോൾ സിനിമയല്ല വില്ലൻ, ഇനി ആർക്കെങ്കിലും സിനിമ കണ്ട് കൊല്ലാൻ തോന്നിയെന്ന് പറഞ്ഞാൽ അതൊക്കെയും ബുദ്ധിക്ക് ഗോചരിക്കാത്ത വാദമായി മാത്രമേ കാണാനാവൂ..
ഇനി ലഹരിയിലേക്ക് വരാം. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന കടകളും ടർഫുകളുമാണ് ഇക്കാര്യത്തിലെ വില്ലനെന്ന് കരുതുന്നവർ വിരളമല്ല. നമ്മുടെ നിയമ പാലകരിൽ പലരും അങ്ങനെ കരുതുന്നവരാണ്. ലഹരി ഉപയോഗം തടയാൻ കടകളും ടർഫുകളും രാത്രി 8 മണിക്ക് അടയ്ക്കുന്നവെന്ന് കരുതാം… എന്നാൽ അത് കൊണ്ട് ലഹരിയെ തടയാനാവുമോ? ഇല്ല, മറ്റു വഴികൾ വിതരണക്കാരും ഉപയോഗിക്കുന്നവനും കണ്ടെത്തും. അവർ കണ്ടെത്തുന്ന പുതിയ വഴികളും നിരോധിക്കാനോ നിയന്ത്രിക്കാനോ ശ്രമിച്ചാൽ പിന്നെ ഈ നാട്ടിൽ എല്ലാം നിയന്ത്രിക്കേണ്ടിയും നിരോധിക്കേണ്ടിയും വരും. ആത്മഹത്യകൾ വർധിക്കുന്നത് കൊണ്ട്, ട്രെയിനുകളും, കുളങ്ങളും, സീലിംഗ് ഫാനുകളും നിരോധിക്കണെമെന്ന് പറയുന്നതിന് തുല്യം.
ഇനി എന്താണ് ഈ രണ്ട് പ്രശ്ങ്ങൾക്കുമുള്ള പരിഹാരം? നിയമം തന്നെയാണ് ആദ്യ പരിഹാരം. അഞ്ച് പേരെ കൊന്നവനും, കൊന്നിറങ്ങിയവൻ വീണ്ടും കൊല നടത്തുമ്പോൾ അവരുടെ സമീപനങ്ങളും ശരീര ഭാഷയും പറയുന്നത് ഈ നിയമമല്ലേ, ഏറിയാൽ ജീവപര്യന്തം, അത് കഴിഞ്ഞ് സുഖമായി ജീവിക്കാമല്ലോ എന്നാണ്. ആ ചിന്താഗതി മാറണമെങ്കിൽ ഇവിടുത്തെ നിയമം ഒന്ന് കൂടി ശക്തമാവണം.
പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് ലഭിച്ചവൻ പോലും ലഭിക്കാത്ത പരിഗണനയും പുകഴ്ത്തലുമാണ് ഒരു കൊലപാതകം ചെയ്തവന് ലഭിക്കുക.
ലഹരിക്കേസിൽ കേന്ദ്ര നിയമം പിന്തുടരുക എന്നത് മാത്രമാണ് സംസ്ഥാനങ്ങൾക്ക് ചെയ്യാനാവുക. അതിൽ കൂടുതൽ അവർക്കൊന്നും ചെയ്യാനാവില്ല. ഇവിടെയും ചില മാറ്റങ്ങൾ അത്യാവശ്യമാണ്.നിശ്ചിത അളവിൽ കുറവിൽ ലഹരിയുമായി പിടികൂടിയാൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഈ നിയമങ്ങളിലുണ്ട്. അത് പുനഃപരിശോധിക്കേണ്ടതുണ്ട്. കൂടാതെ പല ലഹരിക്കേസുകളിലും പിടിയിലാവുന്നത് അതിന്റെ ഏറ്റവും ചെറിയ ഒരു കണ്ണി മാത്രമാണ്. വമ്പൻ സ്രാവുകളിലേക്ക് പലപ്പോഴും ലഹരിക്കേസുകളുൾ അന്വേഷണം എത്താറില്ല. അല്ലെങ്കിൽ എത്തിക്കാറില്ല..അവിടെയും നിയമവും നിയമപാലകരും ശക്തരാവേണ്ടതുണ്ട്.
കുട്ടികൾ കൂടുതലായും ലഹരിയിലേക്ക് വഴിതെറ്റി പോകുമ്പോൾ സ്‌കൂൾ പശ്ചാത്തലം അന്വേഷിക്കുന്നതിൽ മകന്റെ കൂട്ടുകാരെ മാത്രം മാതാപിതാക്കൾ നിരീക്ഷിച്ചാൽ പോരാ.. ആ സ്‌കൂളിലെ അധ്യാപകരെ അടക്കം നിരീക്ഷിക്കേണ്ടതുണ്ട്. പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ സമ്മാനിക്കുന്നതിൽ അധ്യാപകർ ഒട്ടും പിന്നിലല്ല. ചെറു പ്രായത്തിൽ അധ്യാപകർ നൽകുന്ന ട്രോമ അതിജീവിക്കാൻ കഴിയാത്തവരും ലഹരിയുടെ പടിയിൽ പെട്ട് പോവാറുണ്ട്. അവരിൽ ആക്രമണ വാസനകളും വർധിക്കാറുണ്ട്.
അധ്യാപകരെ പോലെ രക്ഷകർത്താക്കളും കുട്ടികളെ ആ ട്രോമയിലേക്ക് തള്ളി വിടാൻ പാടില്ല. വല്ലവനും പറഞ്ഞത് കേട്ട് സ്വന്തം മകനോട് കലി തുള്ളി വരുമ്പോൾ കേട്ടത് സത്യമാണോ എന്നത് കൂടി പരിശോധിക്കണം. ചെറുപ്രായത്തിൽ തന്നെ അവരുമായി നല്ല രീതിയിൽ ആശയവിനിമയം ഉണ്ടാക്കാനും ശ്രമിക്കണം.