നാലാം ദിനവും ദൗത്യം ഫലം കണ്ടില്ല; ദൗത്യസംഘത്തെ വട്ടം കറക്കി ബേലൂർ മഘ്ന

നാലാം ദിനവും ദൗത്യം ഫലം കണ്ടില്ല; ദൗത്യസംഘത്തെ വട്ടം കറക്കി ബേലൂർ മഘ്ന

ചൊവ്വാഴ്ച്ച രണ്ട് തവണ ആനയെ മടക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും രണ്ടും വിജയിച്ചില്ല. വനത്തോട് ചേർന്നുള്ള ഉയരമുള്ള പൊന്തക്കാടുകളാണ് പ്രധാനമായും മയക്കുവെടി വെക്കുന്നതിലെ തടസ്സമായി ദൗത്യ സംഘം ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ആന മണ്ണുണ്ടി മേഖലയിലാണുള്ളതെന്ന സിഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്തെ അടിക്കാടുകളുള്ള ഭൂസവിശേഷത ദൗത്യത്തിന് തടസമാകുകയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 

നാലാം ദിവസവും ആനയെ പിടികൂടാൻ കഴിയാത്തത് വനം വകുപ്പിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് നാട്ടുകാർ ഇന്ന് പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരുന്നു. വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച വയനാട്ടിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയായിരുന്നു ഹർത്താൽ. 

മേഖലയിലെ കാട്ടാന സാന്നിധ്യം തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വയനാട് ജില്ലാ കളക്ടർ രേണു രാജ് ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ 12 മുതല്‍ 15 വരെ ഡിവിഷനുകളായ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്ബള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തിയത്. ആനയുടെ റേഡിയോ കോളറില്‍ നിന്നുളള സിഗ്നല്‍ അനുസരിച്ച് രാവിലെ പത്തരയോടെ മോഴയെ സ്പോട്ട് ചെയ്തിരുന്നു. ആനയുടെ നൂറ് മീറ്റർ അകലെ വരെ ദൗത്യസംഘം എത്തിയെങ്കിലും ആന പെട്ടെന്ന് തന്നെ ഉള്‍ക്കാട്ടിലേക്ക് ഓടി മാറുകയായിരുന്നു. കുങ്കിയാനകളുടെ സാന്നിധ്യമാണ്  ആനയെ ഭയപ്പെടുത്തുന്നതെന്നാണ് സംശയിക്കുന്നത്. ഇന്നലെ ആനയെ പിന്നീട് കണ്ടെത്തിയത് ചതുപ്പ് പ്രദേശത്തായിരുന്നു. അവിടെ വച്ച്‌ പിടികൂടുന്നത് ദുഷ്കരമായതിനാൽ മയക്കുവെടി വെക്കാൻ ദൗത്യസംഘം മുതിർന്നില്ല അതിനുശേഷം ആന വീണ്ടും ഉൾക്കാട്ടിലേക്ക് പോയി. ബുധനാഴ്ച്ചയും ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.

Leave a Reply