വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. മാനന്തവാടി ജിവിഎച്ച്എസ്‌എസിൽ ബസ് നിർത്താനായി ബാരിക്കേഡ് കെട്ടി വേർതിരിച്ച സ്ഥലത്തിനു തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് ചക്രം ചെളിയിൽ താഴ്ന്നത്.
കഴിഞ്ഞ രാത്രി പെയ്‌ത ശക്തമായ മഴയേത്തുടർന്നാണ് മൈതാനത്ത് ചെളി നിറഞ്ഞത്. മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷം ബസ് ഈ ചെളിയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ പരിശ്രമിച്ചെങ്കിലും വണ്ടി ചെളിയിൽ നിന്ന് കയറ്റാനായില്ല. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ഇടപെട്ടു. തുടർന്ന് പൊലീസുകാരും നാട്ടുകാരും ചേർന്ന് കെട്ടിവലിച്ചാണ് ബസ് ചെളിയിൽ നിന്ന് കയറ്റിയത്.തുടർന്ന് സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ റോഡിലേക്കു ബസ് മാറ്റിയിട്ടു. പൊതുസമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയും ഭൂരിഭാഗം മന്ത്രിമാരും കാറുകളിലാണ് ബസിനു സമീപത്തെത്തിയത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ തുടങ്ങിയവർ നടന്നെത്തി.
നവകേരള സദസിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചെളിയിൽ പുതഞ്ഞ ബസ് പുറത്തെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പരിശ്രമം നടന്നത്. അതേസമയം മാനന്തവാടിയില്‍ നവകേരള സദസിന് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
വേദിക്കരികിൽ വരെ ബസ് എത്തുമെന്ന് സംഘാടകർ നേരത്തേ ഉറപ്പുവരുത്തിയിരുന്നതാണ്. ഇതിനായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് എത്തിച്ച് പരീക്ഷണയോട്ടം നടത്തിയിരുന്നു. മഴയിൽ സ്കൂൾ ഗ്രൗണ്ടിൽ ചെളിയാകുമെന്ന് മുൻകൂട്ടി കണ്ട് മതിലിന്റെ ഒരുഭാഗം പൊളിച്ച് പ്രത്യേകം വഴിയുമൊരുക്കി. മുൻപേ പൊളിഞ്ഞുതുടങ്ങിയതാണ് മതിൽ. ഇതു പുനർനിർമിക്കുമെന്ന് പിടിഎ അറിയിച്ചു. കനത്ത മഴയിൽ വേദികൾക്കു സമീപം ചെളി നിറഞ്ഞതിനാൽ കൽപറ്റയിലും ബത്തേരിയിലും ബസിനു സ്റ്റേജിനടുത്ത് എത്താനായില്ല.

