തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ.ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് റിമാൻഡിൽ. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പിലുളളത്. റുവൈസിന്റെ പേര് ആത്മഹത്യകുറിപ്പിലുണ്ടായിട്ടും ഇക്കാര്യം ആദ്യം പൊലീസ് മറച്ചുവെക്കുകയായിരുന്നു.
”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു.”
ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ.ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിന്റെ അറസ്റ്റ്. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് പുലർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്.
റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹനക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞത്. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയക്കും. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹ്ത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. ഷെഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസിനുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല.
ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.