ന്യൂഡല്‍ഹി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഡല്‍ഹി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ബലാത്സംഗ കേസിലെ പ്രതിയായ പ്രേം സിംഗ് ആണ് ഇരയുടെ മകള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ആസിഡ് വീണ പെണ്‍കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ പ്രതിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി അവരുടെ വീട്ടിലേയ്‌ക്ക് ഇന്നലെ എത്തിയത്. എന്നാല്‍, പെണ്‍കുട്ടിയുടെ അമ്മ ഇയാളെ വീടിന് മുന്നില്‍ തടഞ്ഞ് നിര്‍ത്തി പരാതി പിൻവലിക്കില്ല എന്ന് തറപ്പിച്ച് പറഞ്ഞു. ഇതോടെയാണ് പ്രേം സിംഗ് കൈയില്‍ കരുതിയിരുന്ന ആസിഡ് കുട്ടിക്ക് നേരെ ഒഴിച്ചത്. ശേഷം ഇയാള്‍ കുടിക്കുകയും ചെയ്തു. പരാതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

