ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.
ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി.
അപകടവാർത്ത പുറംലോകത്തെത്തിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടൽ എടുത്തുപറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെയാണ് സംസ്ഥാന സർക്കാരിൻറെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞതെന്ന് മന്ത്രി ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. അപകടം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ്. തന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുടുംബമാണ് അർജുൻ്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെ എന്നും മന്ത്രി ശശീന്ദ്രൻ വിശദമാക്കി.
അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ട്. കുടുംബത്തിന് നല്ലതേ വരൂ എന്നാണ് പ്രതീക്ഷ. അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.