14 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും ഇവരുടെ പക്കൽ വടിവാൾ, ബിയർ കുപ്പി അടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നെന്നും എസ് എഫ് ഐ, കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാസർ അബ്ദുൾ റഹ്മാനെ ഒരു സംഘം ക്യാമ്പസിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിൽ നാടക പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമണം. നാസറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
ആക്രമത്തിൽ നാസറിന്റെ കൈയ്യിലും കാലിലും വയറിലും പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാർത്ഥിനിക്കും ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. നാസറിനെ അക്രമിച്ചതിന് പിന്നിൽ കെ എസ് യു-ഫ്രറ്റേണിറ്റി സംഘമാണെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. 14 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും ഇവരുടെ പക്കൽ വടിവാൾ, ബിയർ കുപ്പി അടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നെന്നും എസ് എഫ് ഐ ആരോപിച്ചു. നാടക പരിശീലനത്തെ ചൊല്ലി എസ് എഫ് ഐ -ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർമുണ്ടായതായാണ് വിവരം.
അക്രമത്തിൽ 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വധശ്രമം അടക്കമുള്ള 9 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥനി ഉൾപ്പടെയുള്ള കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകരാണ് പ്രതികൾ. അതേ സമയം പ്രതികളിൽ പലരും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ട ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.