തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ച ശേഷം

തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ച ശേഷം

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം.

പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും.

17 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കര്‍ണാടകയിലെത്തിച്ചത്. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം.

Leave a Reply