ഒളിച്ചോടിയ ഭാര്യയെ കാമുകനൊപ്പം തിരികെ കൊണ്ടുവന്ന് ഒരേ വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ യുവതി ക്രൂരമായി കഴുത്ത് ഞെരിച്ചാണ് കൊന്നത്. ശേഷം യുവതിയുടെ കാമുകന്‍ ഭര്‍ത്താവിനെ കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം.
തന്റെ രണ്ടുവയസ്സുകാരിയായ മകളെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടിയ 25 കാരിയായ പ്രിയങ്ക ഗുപ്തയാണ് ഭര്‍ത്താവായ ശിവം ഗുപ്ത എന്ന സോനുവിനെ ക്രൂരമായി കൊന്നത്. ഭാര്യയേയും കുഞ്ഞിനെയും തിരികെ വീട്ടിലെത്തിക്കാന്‍ ശിവം ശ്രമിച്ചിരുന്നു. എന്നാല്‍ കാമുകനായ ഗര്‍ജന്‍ യാദവിനെയും കൂടി വീട്ടില്‍ താമസിപ്പിക്കണമെന്ന് പ്രിയങ്ക വാശിപിടിച്ചു. എന്നാല്‍ മാത്രമേ കുഞ്ഞുമായി താന്‍ വരികയുള്ളൂവെന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതിന് ശിവം സമ്മതിക്കുകയും ചെയ്തു. പിന്നീട് നടന്ന തര്‍ക്കങ്ങളാണ് ശിവം ഗുപ്തയുടെ ജീവനെടുത്തത്.
ഡിസംബര്‍ 21നാണ് സംഭവം നടന്നത്. ഒരു ബൈക്ക് ടാക്‌സി ഡ്രൈവറാണ് ശിവം ഗുപ്ത. ഉറങ്ങിക്കിടന്ന ശിവം ഗുപ്തയെ പ്രിയങ്ക കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കാമുകനായ ഗര്‍ജന്‍ ശിവത്തെ നിരവധി തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹം വഴിയിലുപേക്ഷിക്കുകയും ചെയ്തു. പിന്നീട് വീടിനുള്ളിലെ രക്തക്കറകള്‍ ഇരുവരും ചേര്‍ന്ന് കഴുകി വൃത്തിയാക്കി. വാടകവീട്ടിലായിരുന്നു മൂവരും താമസിച്ചിരുന്നത്.
ബഹറാംപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സമയത്താണ് പ്രിയങ്കയും ഗര്‍ജന്‍ യാദവും പ്രണയത്തിലായത്. ഇവരുടെ ബന്ധം ഭര്‍ത്താവായ ശിവം അറിഞ്ഞതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. രണ്ടുവയസ്സുകാരിയായ മകളെയും കൊണ്ടാണ് ഇവര്‍ ഒളിച്ചോടിയത്. എന്നാല്‍ ഭാര്യയേയും മകളെയും തിരികെക്കൊണ്ടുവരാന്‍ ശിവം ശ്രമിച്ചു. എന്നാല്‍ കാമുകനെ കൂടി താമസിപ്പിക്കാമെങ്കില്‍ മാത്രമെ വീട്ടിലേക്ക് വരികയുള്ളുവെന്ന് പ്രിയങ്ക പറഞ്ഞു. ശിവം ഇത് സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് ഒരു മുറി മാത്രമുള്ള വീട്ടിലേക്ക് ഗര്‍ജനെയും താമസിപ്പിക്കാന്‍ ശിവം സമ്മതിച്ചു. എന്നാല്‍ പിന്നീട് ശിവവും പ്രിയങ്കയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നാണ് ശിവത്തെ കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടത്. മൃതദേഹം ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ശിവം രാത്രി ജോലിയ്ക്ക് പോയതാണെന്നും തിരികെ എത്തിയിട്ടില്ലെന്നുമാണ് പ്രിയങ്ക ആദ്യം പോലീസിനോട് പറഞ്ഞത്. ഗര്‍ജന്‍ തന്റെ ബന്ധുവാണെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ വിശദമായ പരിശോധനയില്‍ വീടിന്റെ പടിക്കെട്ടില്‍ രക്തം പുരണ്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
’’ ഏകദേശം പത്തോളം കുടുംബങ്ങള്‍ അവിടെ താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതികളിലേക്ക് എത്താന്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ ബെന്‍സിഡൈന്‍ ടെസ്റ്റ് നടത്തി. പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. അതോടെ പ്രിയങ്കയെയും ഗര്‍ജനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രിയങ്ക കുറ്റം സമ്മതിക്കുകയും ചെയ്തു,’’ എസിപി സലോണി അഗര്‍വാള്‍ പറഞ്ഞു. ശിവത്തെ കുത്താൻ ഉപയോഗിച്ച കത്തി വീട്ടിലെ അരി പാത്രത്തിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു.