ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ കേരളത്തിൽ എവിടെയും ലീഡ് ചെയ്യുന്നില്ല.
വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് ഒരു ഘട്ടത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലേക്കെത്തിയെങ്കിലും അൽപ്പസമയത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരികെപ്പിടിച്ചു. തൃശൂരിൽ ആദ്യലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാറിനാണ്. കണ്ണൂരിൽ അൽപ്പം വൈകിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് അനകൂലമാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർ്തഥി കെസി വേണുഗോപാൽ മുന്നിലാണ്.
തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളില്‍ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റില്‍ സിപിഎം മുന്നിലാണ്.