വീണ്ടും ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിനുശേഷമാണ് ഗാസയില്‍ ശക്തമായ ആക്രമണം.
വെടിനിര്‍ത്തല്‍ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ സേനകള്‍ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകള്‍ ആണ് യുദ്ധത്തിന് നേതൃത്വം നല്‍കിയത്. ഇസ്രയേല്‍ പ്രതിരോധ സേന 200 ഇടങ്ങള്‍ ആക്രമിച്ചതായി അറിയിച്ചു. വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്ബുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം നടന്നത്. വ്യാപകമായ ബോംബിടല്‍ നടന്നത് ഗാസയിലെ ഖാൻ യൂനിസിലും റാഫയിലും ആണ്. ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള റൂട്ട് മാപ്പും പ്രസിദ്ധീകരിച്ച് കൊണ്ട് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം ലഘുലേഖകള്‍ വിതറുകയും ചെയ്തിരുന്നു.
തെക്കൻ ഗാസയിലാണ് ഈ സംഭവം നടന്നത്.
വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വെടിനിര്‍ത്തലിനുമുമ്ബ് വടക്കൻ മേഖലയില്‍നിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേല്‍ നിര്‍ദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിര്‍ത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ മേഖലയിലും ഇസ്രയേല്‍ കടന്നാക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെ സംഭവിച്ചത്.