സ്‌കൂളില്‍ മോഷണം ; പ്രതികള്‍ പിടിയില്‍

സ്‌കൂളില്‍ മോഷണം ; പ്രതികള്‍ പിടിയില്‍

കോട്ടയം നഗരത്തിലെ ബേക്കര്‍ സ്‌കൂളില്‍ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ സുധി സുരേഷ്, വിനോജ്കുമാര്‍ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇരുവരും ചേര്‍ന്ന് ഈ മാസം പതിനൊന്നാം തീയതി രാത്രി സ്‌കൂളിന്റെ ഓഫീസ് റൂമിലും, അധ്യാപകരുടെ സ്റ്റാഫ് റൂമിലും, പ്രിന്‍സിപ്പലിന്റെ റൂമിലെയും താഴുകള്‍ തകര്‍ത്ത് അകത്ത് കയറി 40,000 രൂപ വില വരുന്ന ഡിജിറ്റല്‍ ക്യാമറകളും, 44,000 രൂപ വില വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും മോഷ്ടിച്ചു.

അധ്യാപകരുടെ സ്റ്റാഫ് റൂമില്‍ വിദ്യാര്‍ത്ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചിരുന്ന നാണയങ്ങളും, കറന്‍സി നോട്ടുകളും ഉള്‍പ്പെടെയുള്ള പണവും ഇരുവരും കവര്‍ന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന വിനോജ് കുമാറിനെ കൊല്ലത്തു നിന്നും, സുധി സുരേഷിനെ വണ്ടിപ്പെരിയാറില്‍ നിന്നും പിടികൂടുകയായിരുന്നു.

ഇവര്‍ മോഷ്ടിച്ച സി സി ടി വി ക്യാമറകളുടെ ഡി വി ആറും, ഹാര്‍ഡ് ഡിസ്‌കുകളും സമീപത്തുള്ള കിണറ്റില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലുള്ള എകെജെ എം ഹൈസ്‌കൂളില്‍ മോഷണം നടത്തിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Leave a Reply