തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചനിലയില്‍. സജിക്കുട്ടന്‍ (16), അരുണ്‍കുമാര്‍ (8) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തി.

കാടിനുള്ളിലെ ആദിവാസി കോളനിയില്‍ കഴിയുന്ന ഇവരെ രണ്ടാം തീയതി മുതലാണ് കാണാതായത്. കോളനിക്ക് സമീപമുള്ള കാട്ടില്‍ നിന്ന് തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം അരുണ്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 150 ഓളം മീറ്റര്‍ അകലെയാണ് സജിക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

കുട്ടികളെ കാണാതായെങ്കിലും ബന്ധുക്കളുടെ വീട്ടില്‍ പോയതാവാം എന്നാണ് ആദ്യം കരുതിയത്. 64 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണിത്. എന്നാല്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. വനംവകുപ്പും പോലീസും തിരിച്ചില്‍ തുടങ്ങി വൈകാതെ മൃതദേഹം കണ്ടെത്തി. ആള്‍സഞ്ചാരമില്ലാത്ത ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് സംഘങ്ങളായില 84 ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ ആറ് മണി മുതല്‍ തിരച്ചില്‍ നടത്തിയത്.

സജിക്കുട്ടന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതാണ്. ബന്ധുക്കളാണ് സജിക്കുട്ടനെ സംരക്ഷിച്ചിരുന്നത്. കാടിനുള്ളിലെ ബന്ധുവീടുകളില്‍ ഇവര്‍ പോകുന്ന പതിവുണ്ട്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ എടുക്കാന്‍ പോയവര്‍ക്കൊപ്പം കുട്ടികള്‍ പോയിരിക്കാമെന്നും സംശയിച്ചു. അവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് കാണാതായി അഞ്ച് ദിവസത്തിനു ശേഷം വെള്ളിക്കുളങ്ങര പോലീസിന് പരാതി നല്‍കിയത്.

അരുണ്‍കുമാറിന്റെ മൃതദേഹം അഴുകിയ നിലയിലാണ്. സജിക്കുട്ടന്റെ മൃതദേഹത്തിന് വലിയ പഴക്കമില്ല. മരണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്തേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.

Leave a Reply