കണ്ണൂരില്‍ മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു

കണ്ണൂരില്‍ മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു

കൊട്ടിയൂര്‍: കണ്ണൂരിലെ പന്നിയാംമലയില്‍ മയക്കുവെടിവെച്ച്‌ പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടു വരുന്ന വഴിയിലാണ് കടുവ ചത്തത്.

അര്‍ദ്ധരാത്രി 12നും 1നും ഇടയിലായിരുന്നു മരണമെന്നാണ് കണക്കാക്കപ്പെടുന്നത്. പോസ്റ്റ്മാര്‍ട്ടം വയനാട്ടിലെ പൂക്കോട്ട് വെച്ച്‌ നടത്തും.രാവിലെ ആറിനും ഏഴിനും ഇടയില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാല്‍ ചികിത്സിക്കുന്നതിനും പാര്‍പ്പിക്കുന്നതിനും ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലരയോടെ, റബര്‍ ടാപ്പിങ്ങിനു പോയവരാണു പന്നിയാംമല ആദിവാസി കോളനി റോഡരികില്‍ കടുവയെ കണ്ടത്. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കടുവയെ കണ്ട അവര്‍ ഭയന്നു തിരിച്ചോടി. നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്ത് എത്തി.

എടൂര്‍ സ്വദേശിയുടെ കൃഷിയിടത്തിലാണു കടുവയെ കണ്ടെത്തിയത്. രാവിലെ 11ന് മയക്കുവെടി വച്ചു. മയങ്ങിക്കിടന്ന കടുവയെ വലകൊണ്ടു പൊതിഞ്ഞ ശേഷം, മുള്ളുവേലി മുറിച്ചുമാറ്റി. അര മണിക്കൂറിനകം കൂട്ടിലടച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, മുള്ളുവേലി മുറുകി കടുവയുടെ കാലില്‍ നേരിയ മുറിവേറ്റിരുന്നു.

Leave a Reply