നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനായി ടൊവിനോ തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്തണി ഒരുക്കിയ ‘2018’ലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനും ടൊവിനോയോണ്
‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്ഡ്സിന് നന്ദി. ഇതെപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്.’’– പുരസ്കാരനേട്ടത്തിന്റെ സന്തോഷം ടൊവിനോ പങ്കുവച്ചു.