വാഷിങ്ടണ്‍: ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി.
ആക്രമണം സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
എട്ടോളം ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. ആസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ആക്രമണം. 10 ദിവസങ്ങള്‍ക്ക് മുമ്ബ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളില്‍ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളില്‍ പങ്കാളിയാവുന്നത്. പോർ വിമാനങ്ങളും കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചാണ് യെമൻ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തിയതെന്ന് യു.കെ അറിയിച്ചു.
യെമൻ സമയം 11.59 ഓടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രല്‍ കമാൻഡും വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യു.എസ് അറിയിച്ചു.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യു.എസുമായി ചേർന്ന് ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയെന്ന് യു.കെ ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. ഹൂതികള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്ന ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.