ദുബൈ: നഗരത്തിലെ കഫേക്കു സമീപം ഇസ്രായേല്‍ സ്വദേശിയെ വധിച്ച സംഭവത്തില്‍ മുഖ്യപ്രതിക്ക് ജീവപര്യന്തവും അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷവും തടവ്.
മേയ് 24നാണ് കേസിനാസ്പദമായ സംഭവം. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ഇസ്രായേല്‍ പൗരന്മാരാണ്.
സംഭവത്തില്‍ പങ്കാളികളായ രണ്ടുപേരെ പ്രായപൂര്‍ത്തിയാകാത്തവരുടെ കോടതിയിലേക്ക് ദുബൈ ക്രിമിനല്‍ കോടതി റഫര്‍ ചെയ്തു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് അക്രമം നടന്നത്. ദുബൈ വാട്ടര്‍കനാലിനു സമീപത്തെ കഫേയില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ പെട്ടെന്ന് എഴുന്നേറ്റുപോയി പിന്തുടര്‍ന്ന് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് കഫേയിലെ ജീവനക്കാരൻ മൊഴി നല്‍കിയത്. ഫോണ്‍ ചെയ്ത് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ ഇരയായയാള്‍ ശ്രമിച്ചെങ്കിലും നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.
ഇരയുടെ സുഹൃത്തുക്കളിലൊരാള്‍ അക്രമം തടയാൻ ശ്രമിച്ചപ്പോള്‍ മുഖ്യ പ്രതിക്കൊപ്പമുണ്ടായിരുന്നവര്‍ തടയുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച പേനക്കത്തി ഇസ്രായേലിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് വാങ്ങിയതാണെന്ന് കോടതി കണ്ടെത്തി. ഇരയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ അഞ്ചു സെന്റിമീറ്റര്‍ നീളമുള്ള കുത്താണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതികളെല്ലാം സംഭവം നടന്ന ദിവസംതന്നെ പിടിയിലായിരുന്നു. ചിലരെ ദുബൈ വിമാനത്താവളത്തില്‍ വെച്ചും മറ്റു ചിലരെ അബൂദബി വിമാനത്താവളത്തില്‍ വെച്ചുമാണ് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.