തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പ്’ : വിഡി സതീശന്‍

തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പ്’ : വിഡി സതീശന്‍

തിരുവനന്തപുരം : തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയര്‍ത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാകാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എക്‌സാലോജിക്കിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണമെന്ന് വിഡി സതീശന്‍ പറഞ്ഞു.കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വന്‍ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്.

സിബിഐ തെറ്റായ വഴിയില്‍ അന്വേഷണം കൊണ്ടുപോയാല്‍ പ്രതിപക്ഷം സര്‍ക്കാരിന് ഒപ്പം നില്‍ക്കും. അധികാരം ദുര്‍വിനിയോഗം ചെയ്യാനോ സെറ്റില്‍മെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജന്‍സികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply