ന്യൂഡൽഹി: കാലാവധി അവസാനിക്കാൻ ഇനിയും അഞ്ചുവർഷം ബാക്കിനിൽക്കെ യു പി എസ് സി ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ച് മനോജ് സോണി. 2029 വരെയാണ് മനോജ് സോണിക്ക് കാലാവധി ഉണ്ടായിരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മനോജ് സോണി രാജി പ്രഖ്യാപിച്ചത്.
2017ൽ യു പി എസ് സിയിൽ അംഗമായി പ്രവർത്തിക്കാൻ തുടങ്ങിയ സോണി 2023 മെയ് 16നാണ് ചെയർപേഴ്‌സണായി ചുമതലയേറ്റെടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ രാജി അംഗീകരിക്കുമോ സോണിയെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ അനുവദിക്കുമോ എന്നീ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തമല്ല.
ജോലി ഉറപ്പാക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്നാരോപിച്ച് യു പി എസ് സി ഉദ്യോഗാർത്ഥികൾക്ക് നേരെ ഉയർന്ന സമീപകാല വിവാദങ്ങളുമായി സോണിയുടെ രാജിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്തിടെ യു പി എസ് സിയെ സംശയ നിഴലിൽ നിർത്തിയ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരം സംശയങ്ങൾ ഉയര്‍ന്നത്.
സിവിൽ സർവീസ് പ്രവേശനം നേടുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിച്ച് ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറിനെതിരായ ആരോപണത്തെ തുടർന്ന് യു പി എസ് സി വാർത്തകളിൽ ഇടം നേടിയ സമയത്താണ് അധ്യക്ഷന്റെ രാജിയും ഉണ്ടായിരിക്കുന്നത്. പലരും ഈ വിവാദങ്ങളും സോണിയുടെ രാജിയും തമ്മിൽ കൂട്ടിയോജിപ്പിക്കാൻ തുടങ്ങിയെങ്കിലും അവയെ തള്ളുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഗുജറാത്തിലെ സ്വാമിനാരായൺ വിഭാഗവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാൻ സോണി ലക്ഷ്യമിടുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ ദീക്ഷ സ്വീകരിച്ച ശേഷം, മിഷനിൽ ഒരു സന്യാസി ആയി സോണി സ്വയം സമർപ്പിച്ചിരുന്നു.