പുതിയ ചിത്രമായ ഖുഷിയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളിലാണ് നടൻ വിജയ് ദേവരകൊണ്ടയും അണിയറപ്രവർത്തകരും. ഇത്തരത്തിലൊരു പ്രചാരണച്ചടങ്ങിനിടെ വിജയ് നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗം താരത്തെ വിവാദച്ചുഴിയിൽ അകപ്പെടുത്തിയിരിക്കുകയാണ്. സൂപ്പർതാര സിനിമകളുടെ പരാജയത്തെക്കുറിച്ച് പറയുന്നതിനിടെ രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചതാണ് വിവാദത്തിനിടയാക്കിയത്.
വിജയങ്ങൾക്കും പരാജയങ്ങൾക്കും അപ്പുറമാണ് സൂപ്പർതാരങ്ങളെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. രജനി സാറിന്റേതായി തുടർച്ചയായി ആറു ചിത്രങ്ങളെങ്കിലും പരാജയപ്പെട്ടിരിക്കണം. പക്ഷേ ബോക്സോഫീസിൽ അഞ്ഞൂറുകോടി കളക്ഷൻ നേടിയ ജയിലറുമായി അദ്ദേഹം തിരിച്ചുവന്നു. നമുക്ക് തത്ക്കാലം മിണ്ടാതിരുന്ന് സിനിമകാണാം എന്നാണ് വിജയ് ദേവരകൊണ്ട രജനി ചിത്രങ്ങളേക്കുറിച്ച് പറഞ്ഞത്.
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയേക്കുറിച്ചും വിജയ് സംഭാഷണത്തിൽ പ്രതിപാദിച്ചു. “അദ്ദേഹത്തിനും തുടർച്ചയായി പരാജയങ്ങളുണ്ടാവാം. എന്നാൽ ശരിയായ സംവിധായകനെ കിട്ടിയാൽ സംക്രാന്തി എന്ന ചിത്രംപോലെ തരംഗം സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരും. ചിരു സർ ഇൻഡസ്ട്രിയെ മാറ്റിയെടുത്തു. അദ്ദേഹം വരുമ്പോൾ അദ്ദേഹത്തിന്റേതായ ശൈലിയിലുള്ള ആക്ഷനും ഡാൻസും അഭിനയവും അവിടെ യുണ്ടാവുന്നു. സിനിമയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് അദ്ദേഹം.” വിജയ് ദേവരകൊണ്ട പറഞ്ഞു.
ഈ സംഭാഷണത്തിൽ രജനികാന്തിനേക്കുറിച്ച് പറഞ്ഞകാര്യം രജനി ആരാധകർക്ക് അത്ര രസിക്കാതിരുന്നതാണ് വിവാദത്തിന് കാരണം. രജനികാന്തിന്റെ ആറുചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത് എന്നാണെന്നാണ് അവർ ചോദിക്കുന്നത്. ദർബാറും അണ്ണാത്തെയും പരാജയ ചിത്രങ്ങളല്ലെന്നും ശരാശരി നിലവാരം പുലർത്തിയതാണെന്നും ആരാധകർ പറഞ്ഞു. എന്നാൽ സംഭവത്തിൽ വിജയ് ദേവരകൊണ്ടയ്ക്ക് സംരക്ഷണവുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തി. പോസിറ്റീവായ രീതിയിലാണ് വിജയ് സംസാരിച്ചതെന്നും അദ്ദേഹം രജനികാന്തിനെ ഇഷ്ടപ്പെടുന്നുവെന്നും അവർ പറഞ്ഞു