മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം മൊറെയയില്‍ രണ്ട് പൊലീസ് കമാൻഡോകളെ ആള്‍ക്കൂട്ടം വെടിവെച്ച്‌ കൊന്നിരുന്നു. തൗബാല്‍ ജില്ലയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ മോറെയ്.

ഇന്ത്യൻ റിസര്‍വ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആള്‍ക്കൂട്ടം ആദ്യമെത്തിയത്. എന്നാല്‍, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാൻ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംവരണം ആവശ്യപ്പെട്ട് മെയ്തേയികള്‍ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങിയത്. കുക്കി സമുദായം ഇവരുടെ ആവശ്യത്തെ എതിര്‍ത്തു. തുടര്‍ന്ന് സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂര്‍ സാക്ഷിയായത്. സംഘര്‍ഷങ്ങളില്‍ 200ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply