പുലര്‍ച്ചെയായിട്ടും മാളില്‍നിന്ന് പോകാതെ യുവതി; പോലീസുകാരെ ചെരിപ്പൂരി അടിച്ചു

പുലര്‍ച്ചെയായിട്ടും മാളില്‍നിന്ന് പോകാതെ യുവതി; പോലീസുകാരെ ചെരിപ്പൂരി അടിച്ചു

ബെംഗളൂരുവിൽ അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാന്‍ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് വനിതാ പോലീസുകാരെ ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടകീയസംഭവങ്ങള്‍.
ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 28-കാരിയാണ് ഷോപ്പിങ് മാളില്‍ അതിക്രമം കാട്ടിയത്. കോറമംഗലയിലെ പി.ജി. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി സിനിമ കാണാനായി രാത്രി 10.30-ഓടെയാണ് മാളിലെത്തിയത്. സിനിമ കഴിഞ്ഞിട്ടും ഒരുമണിക്കൂര്‍ കൂടി യുവതി മാളില്‍ ചിലവഴിച്ചു. പിന്നീട് ഷോപ്പിങ് മാള്‍ അടയ്ക്കാനാകുന്ന സമയമായപ്പോള്‍ യുവതി നാലാംനിലയിലേക്ക് പോയി. പുലര്‍ച്ചെ രണ്ടരയോടെയാണ് നാലാംനിലയിലെ ഓഡിറ്റോറിയത്തിന് സമീപം യുവതി ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ കാര്യം തിരക്കിയെങ്കിലും യുവതി ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. മാളില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും 28-കാരി വിസമ്മതിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഇവരെ ആക്രമിച്ചത്.
സുരക്ഷാജീവനക്കാരനും മാളിലെ മാനേജര്‍ക്കുമാണ് യുവതിയില്‍നിന്ന് മര്‍ദനമേറ്റത്. ഇതോടെ മാള്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. വനിതാ എസ്.ഐ. അടക്കമുള്ളവര്‍ സ്ഥലത്തെത്തി. എന്നാല്‍, പോലീസുകാര്‍ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചിട്ടും യുവതി മറുപടി നല്‍കിയില്ല. മാളില്‍നിന്ന് പോകില്ലെന്ന് മാത്രമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മാളില്‍ നിര്‍ത്തുന്നില്ലെങ്കില്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. മാളിലെ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ തനിക്കെതിരേ പരാതി നല്‍കാന്‍ മാളിലെ മാനേജരോടും പറഞ്ഞു. പിന്നാലെ യുവതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍, പോലീസ് സ്‌റ്റേഷനില്‍വെച്ചും യുവതി അക്രമാസക്തയാവുകയായിരുന്നു.
മാളിലെ ജീവനക്കാര്‍ക്കെതിരേ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് എഴുതിനല്‍കാന്‍ എസ്.ഐ. ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. ആദ്യം എ.എസ്.ഐ.യെ ചെരിപ്പൂരി അടിച്ച യുവതി, പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തി. പിന്നാലെ വനിതാ എസ്.ഐ.യെയും ചെരിപ്പൂരി അടിച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ എസ്.ഐ. പിടിച്ചുനിര്‍ത്തിയപ്പോള്‍ ഇവരുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് യുവതിയെ പിടികൂടിയത്.

സംഭവത്തില്‍ യുവതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് യുവതിയുടെ അമ്മയെ വിവരമറിയിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ പ്രതിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നറിയാനായി ബെംഗളൂരുവിലെത്തിയ ശേഷം അമ്മയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply