അപൂർവ്വ രോഗം ബാധിച്ച് മൂന്ന് വർഷത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്ന പന്ത്രണ്ട് വയസുകാരി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ദേവു ചന്ദന (12) ആണ് മരിച്ചത്. മൂന്ന് വർഷം മുൻപാണ് ദേവു നന്ദനയെ അപൂർവ്വ രോഗം ബാധിക്കുന്നത്. തലച്ചോറിനെ ബാധിച്ച തീവ്ര വൈറസ് മൂലം അബോധാവസ്ഥയിലായ ദേവു നന്ദന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഉത്സവപറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെയാണ് ദേവു നന്ദന ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി ടിവി പരിപാടികളിലും ദേവു നന്ദന പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ നൂറനാട് സ്വദേശികളായ ചന്ദ്രബാബു-രജിത ദമ്പതികളുടെ മകളാണ് ദേവു ചന്ദന. 2020 ൽ ബാധിച്ച പനിയെ തുടർന്നാണ് ദേവു കിടപ്പിലായത്. തുടർന്ന് വൈറസ് തലച്ചോറിനെ ബാധിക്കുകയും ബോധം നഷ്ടപെടുകയുമായിരുന്നു.
പനി ബാധിച്ചതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിച്ചേക്കാവുന്ന അപൂർവ രോഗമാണ് ദേവു നന്ദനയെ ബാധിച്ചത്. ഇതറിഞ്ഞ പെയിറ്റിംഗ് തൊഴിലാളിയായ പിതാവ് ചന്ദ്രബാബു നാലാം ദിവസം ആശുപത്രി പരിസരത്ത് ജീവനൊടുക്കുകയായിരുന്നു