ഡൽഹിയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. 350 ക്ക് വേണ്ടിയാണ് 16കാരൻ ഈ ദാരുണകൃത്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ഡൽഹിയിലെ വെൽക്കം ഏരിയയിൽ സംഭവം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയപ്പോൾ പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു.
മോഷണ ശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളെ പ്രതി ആദ്യം കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തിയെന്നാണു റിപ്പോർട്ടുകൾ. ഇരയിൽ നിന്ന് 350 രൂപ പ്രതി മോഷ്ടിച്ചു. ഇരുവരും തമ്മിൽ പരിചയമില്ലെന്നു പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തി പതിനെട്ടുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രതി നേരത്തേയും കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.