കേരളത്തിലെ ജലുകളിൽ ആരാച്ചാരില്ല: കഴുമരം കാത്ത്‌ ജയിലുകളിലുള്ളത് 21 പേർ

കേരളത്തിലെ ജലുകളിൽ ആരാച്ചാരില്ല: കഴുമരം കാത്ത്‌ ജയിലുകളിലുള്ളത് 21 പേർ

ആലുവ കേസിൽ അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 21 ആയി. നിലവിൽ കണ്ണൂർ സെന്‍ട്രൽ ജയിലിൽ 4, വിയ്യൂർ സെൻട്രൽ ജയിലിൽ 4, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ 3, തിരുവനന്തപുരം സെൻട്രൽ ജയിലിൽ 9 എന്നിങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം. വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നതിന്റെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്ത് ആരാച്ചാരില്ലാത്ത അവസ്ഥയാണ്.
കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാൻ കഴുമരങ്ങളുള്ളത്. 1991ൽ റിപ്പർ ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അവസാനം തൂക്കിലേറ്റിയത്. 1974ൽ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത്. പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിലെ പ്രതി ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു തുടങ്ങിയവരൊക്കെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളിലുണ്ട്.
ഇങ്ങനെ ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ മാനസിക നില ആരോ​ഗ്യവിദ​ഗ്ധരുടെ സംഘം പരിശോധിക്കും. ജയിലിലെ പെരുമാറ്റം എങ്ങനെയാണ്, ഇവരുടെ കുടുംബ–സാമൂഹിക പശ്ചാത്തലം എന്താണ്, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് ഇവരുടെ സ്വഭാവം മാറിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കും. ഇതനുസരിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം.
വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജിയാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതിക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. വിചാരണ കോടതിയുടെ വിധി മുതല്‍ ദയാഹര്‍ജി വരെയുള്ള നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെങ്കില്‍ തിരുത്തല്‍ ഹര്‍ജി തള്ളും. ഇതോടെ പ്രതിക്ക് ലഭിക്കേണ്ട അവസാന നീതിയും ലഭ്യമാക്കിയെന്നര്‍ത്ഥം. തിരുത്തല്‍ ഹര്‍ജി തള്ളിയാല്‍ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കും.
ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ആന്‍റണിയുടെ വധശിക്ഷ ഇങ്ങനെ ജീവപര്യന്തമായി കുറച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ ഉള്ളത് അജിത് കുമാർ എന്ന സോജു , അനിൽ കുമാർ (ജാക്കി അനില്‍), നിനോ മാത്യു, ഗിരീഷ്, അനിൽകുമാർ (കൊളുത്തു ബിനു), അരുൺശശി, കെ.ജിതകുമാർ, സുധീഷ്, ലബലു ഹസൻ എന്നിവരാണ്. കണ്ണൂർ സെന്‍ട്രൽ ജയിലിൽ ഉള്ളത് രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ എന്നിവരാണ്. വിയ്യൂർ ജയിലിലുള്ളത് ജോമോൻ, മുഹമ്മദ് അമിറുൾ ഇസ്‌ലാം, രഞ്ജിത്ത്, സുനിൽകുമാർ എന്നിവരും അവിടെ അതീവ സുരക്ഷാ ജയിലിലുള്ളത് റജി കുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ എന്നിവരുമാണ്.

Leave a Reply