ഗാർഹിക പീഡന പരാതിയിൽ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് 43കാരൻ

ഗാർഹിക പീഡന പരാതിയിൽ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് 43കാരൻ


മാള: മാള പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് നാൽപത്തിമൂന്നുകാരന്റെ കടുംകൈ. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചെങ്കിലും പൊലീസ് മറ്റൊരു വെട്ടിലായിക്കുകയാണ്.

കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് ആണ് മാള പൊലീസ് സ്റ്റേഷനിൽ വച്ച് വിഷം കഴിച്ചത്. ഇന്നലെ മദ്യപിച്ചെത്തിയ വിനോദ് അതിക്രൂരമായി മർദ്ദിച്ചെന്ന ഭാര്യ സിജിയുടെ പരാതിയിലാണ് ഇരുവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് ആറരയോടെ കാര്യങ്ങൾ ചോദിച്ചറിയിയുന്നതിനിടെ, വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് വിനോദ് കൈവശം സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കഴിച്ചത്. പൊലീസുകാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കൃത്യ സമയത്ത് ചികിത്സ കിട്ടിയ വിനോദ് അപകട നില തരണം ചെയ്തു. എന്നാൽ ആശുപത്രിയിൽ നൽകാൻ തന്റെ കയ്യിൽ പണമില്ലെന്നാണ് ഭാര്യ പറയുന്നത്. ഹോസ്പിറ്റലിൽ എത്തിച്ച പൊലീസുകാരോട് പണമടയ്ക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചെന്നും സിജി പറയുന്നു. സെപ്തംബര്‍ അവസാന വാരത്തില്‍ ജപ്തി നോട്ടീസിന് പിന്നാലെ ഉറക്കഗുളിക കഴിച്ച എഴുപതുകാരി മരിച്ചിരുന്നു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുടുംബാംഗങ്ങളിൽ ഒരാളായ തങ്കമണി ആണ് മരിച്ചത്. സഹകരണ ബാങ്കിൽ വായ്പാ കുടിശികയുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

ഇവർക്കൊപ്പം ഉറക്കുഗുളിക കഴിച്ച മകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ആരോഗ്യനില വീണ്ടെടുത്തു. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Leave a Reply