മലയാള സിനിമാ ആസ്വാദകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയായിരുന്നു വയലനിസ്റ്റ് ബാല ഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്. സംഗീതപ്രേമികള്‍ക്ക് ഇന്നും തീരാ നഷ്ടമാണ് ബാലഭാസ്‌കറിന്റെ വിയോഗം. 2018 ല്‍ ആണ് ഏവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ബാലു ലോകത്തോട് വിടവാങ്ങിയത്. ഇന്നും ദുരൂഹതകള്‍ ഏറെയുള്ള മരണമെന്ന് ബന്ധുക്കള്‍ വരെ ആരോപിക്കുമ്പോള്‍ അതൊരു അപകടമരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോഴിതാ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി സിബിഐക്ക് തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുന്നത്. ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന സിബിഐ വാദം കോടതി കണക്കിലെടുത്തില്ല. ബാലഭാസ്‌ക്കറിന്റെ മരണം കാര്‍ അപകടം മൂലമാണെന്നും, ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബാലഭാസ്‌കറിന്റെ പിതാവിന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബാലഭാസ്‌ക്കറിന്റെ മാനേജറെ വേണ്ട വിധം ചോദ്യം ചെയ്തിട്ടില്ലെന്നാണ് പിതാവിന്റെ ആരോപണം. സത്യം പുറത്ത് വരട്ടേ, സത്യം ഞങ്ങള്‍ക്ക് അറിയണം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം.
ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നാകും ആരാധകര്‍ അടക്കം പലരും വ്യത്യസ്തമായ വയലിനുകള്‍ കാണുന്നത്. വേദികളില്‍ ആരാധകരുടെ സ്വന്തം ബാലു ഇന്ദ്രജാലം തീര്‍ക്കുമ്പോള്‍ ആ നിര്‍വൃതിയില്‍ കണ്ണുനിറയുന്ന നിരവധി കാണികളുണ്ടായിരുന്നു. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നു. ഫ്യൂഷന്‍ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളില്‍ വിരിഞ്ഞത്.
എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന സുന്ദര ഗാനങ്ങള്‍ ബാലു വയലിനില്‍ മീട്ടുമ്പോള്‍ കേള്‍ക്കുന്നവര്‍ അതില്‍ അലിഞ്ഞ് ഇല്ലാതെയാകുന്നു. കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായികലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്‌കറിന്. പക്ഷെ പറയാനുള്ളത് പലതും തുറന്ന് പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടി വന്ന പലതിനെ പറ്റിയും ബാലഭാസ്‌കര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
മരിക്കുമ്പോള്‍ നാല്‍പ്പത് വയസായിരുന്നു ബാലഭാസ്‌കറിന്റെ പ്രായം. അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍ കൂടിയായിരുന്നു.
അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. അദ്ദേഹം സംഗീതം നല്‍കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇപ്പോഴും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്നവയാണ്. ഉസ്താദ് സാക്കിര്‍ ഹുസൈന്‍, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി, വിക്കു വിനായക് റാം, ഹരിഹരന്‍ തുടങ്ങീ ഒട്ടനവധി സംഗീത പ്രതിഭകളുമായി വേദി പങ്കിടാന്‍ ബാല ഭാസ്‌കറിനായി. എ. ആര്‍ റഹ്മാനെ വളരെയധികം സ്‌നേഹിക്കുന്ന ബാല ഭാസ്‌കര്‍, എ. ആര്‍ റഹ്മാന്‍ തന്നെ തിരുവനന്തപുരത്ത് വെച്ച് തിരിച്ചറിഞ്ഞതിനെ പറ്റി എപ്പോഴും പറയാറുണ്ട്. 2008 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ബിസ്മില്ല ഖാന്‍ യുവ പുരസ്‌ക്കാരവും’ ബാല ഭാസ്‌കര്‍ നേടിയിരുന്നു.
2018 ല്‍ തിരുവനന്തപുരത്തെ പള്ളിപുറത്ത് വെച്ച് നടന്ന ഒരു കാര്‍ അപകടത്തിലാണ് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി ബാല ഭാസ്‌ക്കറും മകള്‍ തേജ്വസിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ തേജസ്വിനി പിറന്നത്. അപകടം നടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു കുഞ്ഞ്.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി എന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി ജോര്‍ജ് അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ അപകട സ്ഥലത്ത് കണ്ടതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പറഞുകൊണ്ടാ് അന്ന് കലാഭവന്‍ സോബി സോബി എത്തിയിരുന്നത്.
‘തന്നെയും അവര്‍ കൊല്ലുമെന്ന് ഭയന്ന് താന്‍ അവിടെ നിന്ന് വണ്ടിയെടുത്ത് പോയി. പോകുമ്പോള്‍ പിറകില്‍ വലിയ ശബ്ദം കേട്ടു. താന്‍ ആരാണെന്ന് മനസ്സിലായിരുന്നുവെങ്കില്‍ അവര്‍ തന്നെ കൊന്ന് കളഞ്ഞേനെ. വടിവാളുമായി വെട്ടെടാ അവനെ എന്ന് ആക്രോശിച്ച് അവര്‍ തന്നെ വെട്ടാന്‍ വന്നു’. താന്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സോബി ജോര്‍ജ് പറഞ്ഞിരുന്നു. അവിടെ ഉണ്ടായിരുന്ന മുഴുവന്‍ വാഹനത്തിലും അവരുടെ ആളുകള്‍ ആയിരുന്നു. ബാലുവിനെ അവര്‍ കൊന്നതാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വണ്ടിയുടെ ഡാമേജ് പുറത്ത് വെച്ച് ഉണ്ടാക്കിയതാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആളെ കാണിച്ച് കൊടുക്കുമെന്നുമാണ് കലാഭവന്‍ സോബി അന്ന് പറഞ്ഞിരുന്നത്.