തിരുവനന്തപുരം: ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി മുതല്‍ പുലര്‍ച്ചെവരെ തിരുവനന്തപുരത്തെ മാനവീയംവീഥി ഇനി ഉണര്‍ന്നിരിക്കും. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്‍റെ ആദ്യ നൈറ്റ് ലൈഫ് സെന്‍ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക. അടുത്തമാസം ആരംഭിക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായി ആരംഭിക്കും.
നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനുള്ള അവസാനഘട്ട മിനുക്ക് പണിയിലാണ് മാനവീയം വീഥി. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ കഴിയുക. പദ്ധതി സാക്ഷാത്ക്കരിക്കുന്നതോടെ സംസ്ഥാനത്തിന്‍റെ ആദ്യ നൈറ്റ് ലൈഫ് സെന്‍ററായി മാനവീയം വീഥി മാറും. മാനവീയത്തിലെ നൈറ്റ് ലൈഫിന്‍റെ പ്രധാന ആകര്‍ഷണം തന്നെ വിവിധ കലാപരിപാടികളാണ്. നിലവില്‍ ചെറിയ രീതിയില്‍ പലരും ഇവിടെ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
പദ്ധതി ആരംഭിക്കുന്നതോടെ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാനവീയത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. വീഥി പൂര്‍ണമായും പൊതുജനങ്ങളുടെ ഇടമായി മാറ്റുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. 25നകം പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് മുന്‍പായി തുറന്നുകൊടുക്കാനാണ് കോര്‍പറേഷന്‍റെ തീരുമാനം. ഇതോടെ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള കടകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കും.
മാനവീയം വീഥിയില്‍ എത്തുന്നവര്‍ക്ക് രുചിയേറുന്ന നാല് ഭക്ഷണശാലകളുമുണ്ടാകും. കുടുംബശ്രീയുടെ ഒരു ഫുഡ് കോര്‍ട്ടാണ് ഇതില്‍ പ്രധാനം. ഇതുകൂടാതെ സഞ്ചരിക്കുന്ന തട്ടുകടയുടെ മാതൃകയില്‍ മൂന്ന് മൊബൈല്‍ ഫുഡ് കോര്‍ട്ടുമുണ്ടാകും. കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട് രാവിലെ മുതല്‍ രാത്രി വരെയും തട്ടുകടകള്‍ വൈകിട്ട് മുതല്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കും. കൂടാതെ, ടെണ്ടര്‍ നടപടികളിലൂടെ മൊബൈല്‍ ഫുഡ്ട്രക്കുകള്‍ക്കും അനുമതി നല്‍കും.
കോര്‍പറേഷനും വിനോദസഞ്ചാര വകുപ്പിനുമാണ് മാനവീയം വീഥിയുടെ നടത്തിപ്പ് ചുമതല. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി മേയര്‍ ചെയര്‍മാനായും കലക്ടര്‍ കോ – ചെയര്‍മാനായും നഗരസഭാ സെക്രട്ടറി കമ്മിറ്റിയുടെ സെക്രട്ടറിയായും സബ് കലക്ടര്‍, സിറ്റി പോലീസ് കമീഷണര്‍, ഫുഡ് സേഫ്റ്റി കമീഷണര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.
മാനവീയം വീഥിയുടെ വശത്തുള്ള ഓപ്പണ്‍ സ്റ്റേജുകളിലും മറ്റിടങ്ങളിലും വാണിജ്യരീതിയിലുള്ള പരിപാടികള്‍ അവതരിപ്പിക്കാന്‍ നഗരസഭ നിരക്ക് ഈടാക്കും. പുതിയ നിരക്കുകള്‍ ഉടന്‍ നിശ്ചയിക്കും. എന്നാല്‍, കലാപരിപാടികള്‍ക്ക് നിരക്ക് ഈടാക്കേണ്ടെന്നാണ് തീരുമാനം. കലാപരിപാടികള്‍ക്ക് ചെറിയ തരത്തില്‍ നിരക്ക് ഈടാക്കാന്‍ ആലോചിച്ചെങ്കിലും പൊതുജനപ്രതിഷേധം വരുമെന്ന് കണക്കിലെടുത്ത് അത് ഉപേക്ഷിച്ചു. വാണിജ്യ പരിപാടികള്‍ ഏത് തരത്തില്‍ നടത്തിയാലും അതിന് നിശ്ചിത നിരക്കുണ്ടാകും. ഇത് നഗരസഭ തന്നെയാണ് ഈടാക്കുന്നത്. സാധനങ്ങളുടെ പ്രൊമോഷന്‍, സിനിമ പ്രൊമോഷന്‍, കടകളുടെ പ്രൊമോഷന്‍, ഉദ്ഘാടനം, വിവിധ ലോഞ്ചിംഗുകള്‍ തുടങ്ങിയവയ്ക്കാണ് നിരക്ക് ഈടാക്കുന്നത്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് പ്രത്യേക ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും.
മാനവീയത്തിന് പിന്നാലെ കനകക്കുന്നിലും നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. ഫുഡ് കോര്‍ട്ടുകള്‍, സ്റ്റേജുകള്‍, വിവിധതരം ലൈറ്റിങ്ങുകള്‍, ഹാങ്ങ്ഔട്ട് സ്‌പേസ് എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. കഴക്കൂട്ടം, ശംഖുംമുഖം തുടങ്ങി ഏഴ് ഇടങ്ങള്‍ കൂടി നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നൈറ്റ് ലൈഫ് പദ്ധതിക്ക് പ്രത്യേക ബൈലോ തയ്യാറാക്കുന്നതും കോര്‍പറേഷന്‍റെ പരിഗണനയിലാണ്.
അതേസമയം, ഡിസംബറില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ ഭാഗമായി മാനവീയം വീഥിയില്‍ ഇന്നലെ മള്‍ട്ടി പ്രൊജക്ഷന്‍ ശാസ്ത്ര വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിച്ചു. ‘സ്‌കെയില്‍സ്‌കേപ്‌സ്’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം രാത്രി 7.30 മുതല്‍ 12.30 വരെ നീണ്ടു. 13 എല്‍ഇഡി പ്രൊജക്ടറുകള്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ സജ്ജമാക്കിയത്.