പ്രതിയുടെ പേന മോഷ്ടിച്ചു: പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടി

പ്രതിയുടെ പേന മോഷ്ടിച്ചു: പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടി

കാപ്പ നിയമപ്രകാരം അറസ്റ്റിലായ പട്ടാമ്പി ഞാങ്ങാട്ടിരി തടത്തിലകത്ത് ഫൈസൽ എന്നയാളുടെ പേന രേഖകളിൽ കുറിക്കാതെ കൈവശപ്പെടുത്തിയ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. കാപ്പ (സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയ പ്രതിയുടെ 60,000 രൂപ വിലയുള്ള ‘മോ ബ്ളാ’ പേന കൈവശപ്പെടുത്തിയെന്ന പരാതിയിലാണ്‌ പാലക്കാട് തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ (എസ്.എച്ച്.ഒ.) അച്ചടക്കനടപടിക്കു ശുപാർശ ചെയ്‌തത്‌. ആക്ഷേപത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എസ്.എച്ച്.ഒ. സി. വിജയകുമാറിനെതിരേ നടപടിക്കു ശുപാർശചെയ്യുന്ന റിപ്പോർട്ട് കോഴിക്കോട് നോർത്ത് സോൺ ഐ.ജി.ക്കു കൈമാറി.

ഇക്കഴിഞ്ഞ ജൂൺ 23-നാണ് സംഭവം. ഫൈസലിന്റെ വീട്ടിൽ ഡെങ്കിപ്പനി ബോധവത്കരണത്തിനെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോടും ആശാവർക്കർമാരോടും മോശമായി പെരുമാറിയെന്നു പരാതിയുണ്ടായിരുന്നു. മുമ്പും ചില കേസുകളിൽ പ്രതിയായ ഫൈസലിനെ കാപ്പനിയമപ്രകാരം അറസ്റ്റുരേഖപ്പെടുത്താൻ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ആ സമയം ഫൈസലിന്റെ 60,000 രൂപ വിലയുള്ള ‘മോ ബ്ലാ’ പേന കൈവശപ്പെടുത്തിയെന്നാണ് ആരോപണം. പേനയിൽ ഒളിക്യാമറവെച്ച് സ്റ്റേഷനിലെ ദൃശ്യങ്ങൾ റെക്കോഡുചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കാനെന്ന പേരിൽ പേന കൈവശപ്പെടുത്തിയശേഷം അത്‌ അടിച്ചുമാറ്റുകയായിരുന്നു. ഫൈസലിന്റെ ഫോണും പിടിച്ചെടുത്തിരുന്നു.

ജൂലായ് നാലിന് ഫൈസൽ ഇതേക്കുറിച്ച് പൊതുജന പരാതിപരിഹാര സംവിധാനം വഴി മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകി. തുടർന്ന്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ശ്രീകുമാറിനെ സംഭവം അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഫൈസലിൽനിന്ന് പേന വാങ്ങിയ കാര്യം സംഭവം നടന്ന് പരാതി നൽകുന്നതുവരെയുള്ള ദിവസങ്ങൾക്കിടെ ഉദ്യോഗസ്ഥൻ സ്റ്റേഷൻരേഖകളിൽ ഉൾപ്പെടുത്തുകയോ പേന സ്റ്റേഷനിൽ സൂക്ഷിക്കുകയോ ചെയ്യാതെ സ്വന്തം കൈവശം സൂക്ഷിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥന്റെ പ്രവൃത്തി പോലീസ് സേനയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്ന് ഡിവൈ.എസ്.പി.യുടെ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഓഗസ്റ്റ് അഞ്ചിന് ജില്ലാ പോലീസ് മേധാവിക്കു നൽകി. ഗുരുതരമായ അച്ചടക്കലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരേ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ശുപാർശചെയ്യുന്ന റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവി ഐ.ജി.ക്കു നൽകിയത്. ഇതിനനുബന്ധമായ രേഖകളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

മൂന്നുവർഷത്തിലധികമായി തൃത്താല എസ്.എച്ച്.ഒ. ആണ് വിജയകുമാർ. ആദ്യകാലത്ത് താനുമായി എസ്.എച്ച്.ഒ.യ്ക്ക് നല്ലബന്ധമായിരുന്നെന്നും അന്നുമുതൽ തന്റെ പേന അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും ഫൈസൽ പറഞ്ഞു. പ്രതിയും ഉദ്യോഗസ്ഥനുമായി നേരത്തേ മുതൽ വൈരാഗ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Leave a Reply