തിരുവനന്തപുരത്തെ അഞ്ചുപേരുടെ കൂട്ടക്കൊലയിൽ പ്രതികരണവുമായി പ്രതി അഫാന്‍റെ പിതാവ് റഹീം. നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള ബാധ്യതകള്‍ മാത്രമേയുള്ളുവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു.അഫാന് മറ്റു പ്രശ്നങ്ങളുള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു.
അതേസമയം, റഹീമിന് സൗദിയിൽ കടബാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിതാവിന് 75 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും സഹായം ചോദിച്ചിട്ട് ആരും നൽകിയില്ലെന്നും ഇതിനാലാണ് കൊല നടത്തിയതെന്നുമാണ് അഫാന്‍റെ മൊഴി. എന്നാൽ, നാട്ടിൽ സാമ്പത്തിക ബാധ്യതയില്ലെന്നാണ് റഹീം പറയുന്നത്.
പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിഷം കഴിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതി അഫാൻ ചികിത്സയിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായിട്ടില്ല. പ്രതിയുടെ മൊഴിയും പിതാവിന്‍റെ പ്രതികരണവും തമ്മിലുള്ള വൈരുധ്യവും അന്വേഷണത്തിൽ നിര്‍ണായകമായേക്കും. സാമ്പത്തിക ബാധ്യതയാണെങ്കിൽ പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയും അനുജനെയുമടക്കം കൊലപ്പെടുത്തിയത് എന്തിനാണെന്ന് ചോദ്യവും അപ്പോഴും ബാക്കിയാകുകയാണ്.
മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. റിപ്പര്‍ മോഡൽ നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചുറ്റിക അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് 23കാരനായ അഫാൻ അഞ്ചുപേരെയും കൊലപ്പെടുത്തിയത്.