കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര ടി20 ലീഗായ ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മെഗാ ലേലം ഇന്ന് നടക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് ഇന്ത്യന്‍ താരം സുരേഷ് റെയ്ന ഏത് ടീമിലെത്തുമെന്ന് അറിയാനായിരുന്നു. ഐപിഎല്ലില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച റെയ്ന ലങ്കന്‍ പ്രീമിയര്‍ ലീഗിനായി പേര് രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ന് നടന്ന ലേലത്തിനിടെ ലേലം വിളിച്ച ചാരു ശര്‍മ ലേലത്തിനുള്ള കളിക്കാരുടെ പട്ടികയില്‍ സുരേഷ് റെയ്നയുടെ പേരും വായിച്ചിരുന്നു.
40000 ഡോളര്‍ അടിസ്ഥാന വിലയുള്ള താരങ്ങളിലായിരുന്നു റെയ്നയുടെ പേരുണ്ടായിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയ്ന ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് പറയുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മെഗാ താരലേലത്തില്‍ ഇതുവരെ റെയ്നയുടെ പേര് ലേലത്തിന് എത്തിയതുമില്ല.
ലേലപട്ടികയില്‍ പേരുണ്ടായിട്ടും റെയ്നയുടെ പേര് എന്തുകൊണ്ടാണ് ചാരു ശര്‍മ വിളിക്കാത്തത് എന്ന് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജാഗരണ്‍ ദിനപത്രിത്തിലെ റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് റെയ്ന ലേലത്തിനായി പേര് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മറുപടി നല്‍കിയത്. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന റോഡ് സേഫ്റ്റി സീരീസിലും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലും നേരത്തെ കളിച്ചിരുന്നു.
ധോണി കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖമായിരുന്ന റെയ്ന സിഎസ്കെ ആരാധകരുടെ സ്വന്തം ചിന്നത്തലയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഐപിഎല്ലില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ റെയ്ന കഴിഞ്ഞ ഐപിഎല്ലിൽ കമന്‍റേറ്ററുടെ റോളിലും അരങ്ങേറ്റം കുറിച്ചു. ജൂലൈ മുപ്പത്തിയൊന്നിനാണ് ലങ്കൻ പ്രീമിയർ ലീഗിന് തുടക്കമാവുക. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നാല് ഐപിഎൽ കിരീടനേട്ടത്തിൽ പങ്കാളിയായിട്ടുള്ള റെയ്ന ടീമിനായി 176 കളിയിൽ നിന്ന് 4687 റൺസെടുത്തിട്ടുണ്ട്. ഇന്ത്യക്കായി 78 ടി20 മത്സരങ്ങളില്‍ 1605 റൺസ് നേടിയിട്ടുള്ള റെയ്ന ടി20യിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരവുമാണ്.