
കാസര്‍ഗോഡ്:കാർ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം.
എസ് ഐ രജിത്ത്, സിപിഒമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാസര്‍ഗോഡ് കുളത്തൂരില്‍ പള്ളത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഫര്‍ഹാസ്(17 ) എന്ന വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.
കാസര്‍ഗോഡ് ഹൈവേ പോലീസിലേക്കാണ് ഇവരെ മാറ്റിയത്. പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് അമിതവേഗത്തില്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടായിരുന്നു ഫര്‍ഹാസിന്റെ മരണം. വെള്ളിയാഴ്ച്ച സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ പേടിച്ചു വെപ്രാളത്തില്‍ വാഹനമെടുത്ത് പോകുകയുമായിരുന്നു. വാഹനപരിശോധനയ്ക്കിടയില്‍ പോലീസ് തടഞ്ഞ കാര്‍ ഫര്‍ഹാസും കൂട്ടുകാരും വെട്ടിച്ചു വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പിന്നാലെ പോയ പോലീസ് അഞ്ചു കിലോമീറ്ററോളം പിന്തുടര്ന്നു.
ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരണമടഞ്ഞു. തുടര്‍ന്ന് പോലീസുകാര്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാസര്‍കോഡ് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് ഉപരോധവും മറ്റും ഇവര്‍ നടത്തിയിരുന്നു. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ഫര്‍ഹാസ്.
ഇന്നലെ രാവിലെ മംഗളൂരുവില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്കി.