ബെംഗളൂരു:കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധനയുമായി നാവിക സേന. ഇന്ന് വൈകിട്ടോടെയാണ് നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് ഉള്‍പ്പെടെയാണ് പരിശോധിച്ചത്. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, തെരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തെരച്ചില്‍ രംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.