ആസിഫ് പാറ – MPL ഹാൾ ഓഫ് ഫെയിമിലേക്ക്

ആസിഫ് പാറ – MPL ഹാൾ ഓഫ് ഫെയിമിലേക്ക്

കളിക്കളത്തിലെ കൊടുങ്കാറ്റാണ്‌ ആസിഫ്‌. ചടുല വേഗമുള്ള ആസിഫിന്റെ കുതിപ്പ്‌ കളി കാണുന്നവർക്ക്‌ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കളിയുടെ ഗതി മൊത്തം തിരിക്കാൻ പോകുന്നതാണ്‌ ആ വേഗത. അസാധ്യമായ ഡ്രിബ്ലിങ്ങാണ്‌ അടുത്ത സവിശേഷത. ഏതു കഠിന പ്രതിരോധ നിരയിലും കയറിച്ചെല്ലാൻ കരുത്തുള്ള ആസിഫിന്റെ ഇടങ്കാലൻ ചലനങ്ങൾ കാണികളെ തെല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്‌. കൃത്യതയാർന്ന പാസ്‌, ചലനങ്ങൾ, ലക്ഷ്യബോധം ഇവ മൂന്നിലും ആസിഫിനെ എതിരാളികൾ പോലും സമ്മതിക്കും.

എതിരാളികളെ വെട്ടി ഒഴിഞ്ഞ ശേഷം ഗോൾ പോസ്റ്റിലേക്ക്‌ വളഞ്ഞിറിങ്ങുന്ന രീതിയിൽ തൊടുക്കുന്ന ആസിഫിന്റെ ട്രേഡ്മാർക്ക്‌ ഷോട്ടുകൾ എന്നും കാണികൾക്ക്‌ ഹരമാണ്‌. എം പി എൽ പലകുറി കണ്ടതാണ്‌ ഈ പ്രകടനങ്ങൾ. യു.എ.ഇ യിലെ ഫൂട്ബാൾ മൈതാനങ്ങളിൽ ആസിഫിന്റെ മാന്ത്രികത പലവട്ടം വെളിപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്‌സനലിന്റെ കടുത്ത ആരാധകനായ ആസിഫിന്റെ കേളീശൈലിയിലും സുന്ദരമായ ആഴ്‌സണൽ ശൈലി കാണാം. കരിയില കിക്ക് എന്നറിയപ്പെടുന്ന പനൻക പെനാൽറ്റി കിക്ക് അടിക്കുന്നതിലും ആസിഫ് വിദഗ്ധനാണ്.

മേൽപ്പറമ്പ ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിൽ ഫൂട്ബാൾ തട്ടി തുടങ്ങിയ ബാല്യം. ചന്ദ്രഗിരി സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് രണ്ട് തവണ സ്ക്കൂൾ ടീം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു, സബ്ജില്ലാ തലത്തിൽ പന്ത് തട്ടിയ ശേഷം അണ്ടർ 17 കാസറഗോഡ് ടീമിന് വേണ്ടിയും ബൂട്ട് കെട്ടി. തന്റെ വേഗതയും കഴിവും കണ്ട്‌ സീനിയർ താരങ്ങളോടപ്പം പന്തു തട്ടാൻ വളരേ ചെറുപ്പത്തിൽ തന്നെ അവസരം ലഭിച്ചത്‌ ആസിഫിനു മുന്നോട്ടുള്ള പ്രയാണത്തിൽ മുതൽ കൂട്ടായി. 2016ൽ ചന്ദ്രഗിരി ക്ലബ്ബ് നടത്തിയ ടൂർണമെന്റിൽ റേഞ്ചേഴ്സ് ഒറവങ്കരക്ക് വേണ്ടി കളിക്കാൻ വിസിറ്റ് വിസയിൽ ഗൾഫിലേക്ക്‌ വന്ന ആസിഫ് റണ്ണേഴ്‌സ് അപ്പ് ആവുകയും ടൂർണമെന്റിലെ ബെസ്റ്റ് സ്‌ട്രൈക്കർ ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്ത് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് അന്ന് മുതൽ റേഞ്ചേഴ്സ് ഒറവങ്കരയുടെ മുൻനിര താരമായ ആസിഫ് 5 വർഷമായി അവരുടെ ക്യാപ്റ്റൻ ആണ്. 2016ൽ ഗൾഫിലേക്ക് ജീവിതം പറിച്ചു നടും വരെ നാട്ടിലെ ഒട്ടു മിക്ക ക്ലബ്ബിനു വേണ്ടിയും ജേഴ്സിയണിഞ്ഞു.

സ്വന്തം ക്ലബ്ബായ ചന്ദ്രഗിരി മേൽപ്പറമ്പ, ജിംഖാന മേൽപ്പറമ്പ, നാഷണൽ കാസറഗോഡ്‌, മിറാക്കിൾ കമ്പാർ, ഓഫൻസ്‌ കീഴൂർ, ലക്കിസ്റ്റാർ കീഴൂർ മുതലായവയാണ്‌ ആസിഫ്‌ ബൂട്ടണിഞ്ഞ പ്രമുഖ ക്ലബ്ബുകൾ.

ആസിഫിന്റെ സ്ഥിരതയാർന്ന മികച്ച പ്രകടനം സംസ്ഥാന സീനിയർ ഫൂട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കാസർഗോഡ്‌ ജില്ലാ ടീമിലെത്തിച്ചു.

MPL 8ലും 9ലും റേഞ്ചേഴ്സ് ഒറവങ്കരയുടെ കൂടെ ചാമ്പ്യനായ ആസിഫ് ആ രണ്ട് സീസണിലും ബെസ്റ്റ് സ്‌ട്രൈക്കറും ആയി. ഫ്രെണ്ട്സ് മേൽപറമ്പയുടെ കൂടെ കളിച്ചു MPL 7ൽ സെമി ഫൈനലിൽ പുറത്തായെങ്കിലും ആ സീസണിലും ബെസ്റ്റ് സ്‌ട്രൈക്കർ ആസിഫ് തന്നെ ആയിരുന്നു. MPL 11ൽ വീണ്ടും ടൗൺ ടീം മേൽപറമ്പക്ക് വേണ്ടി കളിച്ചു റണ്ണേഴ്‌സ് ആപ്പും ആയി.

മേൽപറമ്പ് പാറപ്പുറത്ത് നസീറിന്റെയും പരേതയായ ബീവിയുടെയും മൂന്ന് മക്കളിൽ മൂത്തവൻ ആണ് ആസിഫ്, രണ്ട് സഹോദരിമാർ ഉണ്ട്.

MPL മൈതാനങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് തീ പിടിപ്പിക്കുന്ന, യുഎഇയിലെ വിവിധ ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായ, കാസറഗോഡ് ജില്ലാ സീനിയർ ടീമിലിടം നേടിയ ആസിഫ് പാറയെ MPL 12 വേദിയിൽ ഹാൾ ഓഫ് ഫെയിം അവാർഡ് നൽകി ആദരിക്കുന്നു.

Leave a Reply