ദളപതി ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേണ്ടെന്ന് വെച്ചിരിക്കുകയാണ് നിർമ്മാണ കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ. സെപ്തംബർ 30ന് നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയതായി അറിയിച്ചത്.
‘പരിപാടിയുടെ പാസുകളുടെ അഭ്യർത്ഥനകൾ കൂടിയതിനാലും കൊണ്ടും സുരക്ഷാ പരിമിതികൾ കണക്കിലെടുത്തും ലിയോ ഓഡിയോ ലോഞ്ച് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ആരാധകരുടെ ആഗ്രഹം കണക്കിലെടുത്ത്, ഇടയ്ക്ക് അപ്‌ഡേറ്റുകളുമായി ഞങ്ങൾ എത്തും. ഇത് രാഷ്ട്രീയ സമ്മർദ്ദത്താൽ എടുത്ത തീരുമാനമല്ല,’ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. എക്സ് വഴിയാകും സിനിമയുടെ അപ്ഡേഷനുകളെത്തുക.
സിനിമയുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം പ്രൊഡക്ഷൻ ഹൗസായ റെഡ് ജയന്റ് മൂവീസിന് നൽകണമെന്ന സമ്മർദ്ദവും നിർമ്മാതാക്കൾക്ക് അനുമതി നൽകാതിരിക്കാൻ ഭരണകക്ഷിയെ പ്രേരിപ്പിച്ചുവെന്നും ഇതാണ് ഓഡിയോ ലോഞ്ച് മാറ്റിവെയ്ക്കാൻ കാരണമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തൃഷയാണ് നായികയായെത്തുന്നത്. കൂടാതെ സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, അർജുൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ലിയോയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഒക്ടോബർ 19 ന് ലോകമെമ്പാടും ലിയോ റിലീസ് ചെയ്യും.