ബിഗ് ബോസ് താരത്തിന്റെ റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന്‍വിഷവും

ബിഗ് ബോസ് താരത്തിന്റെ റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന്‍വിഷവും

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും വിതരണം ചെയ്ത സംഭവത്തില്‍ ബിഗ് ബോസ് വിജയി അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. ബിഗ് ബോസ് ഒ.ടി.ടി രണ്ടാം സീസണ്‍ വിജയിയും യൂട്യൂബറുമായ എല്‍വിഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസെടുത്തത്. എല്‍വിഷ് ഒഴികെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പീപ്പിള്‍ ഫോര്‍ അനിമല്‍ (പി.എഫ്.എ.) എന്ന മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ. നല്‍കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടര്‍ ഒന്നില്‍ നടക്കുകയായിരുന്ന റേവ് പാര്‍ട്ടിയിലേക്ക് പോലീസ് എത്തിയത്. പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എന്‍.ജി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന 25 മില്ലീലിറ്ററോളം നിരോധിത പാമ്പിന്‍വിഷം പിടിച്ചെടുത്തത്. അഞ്ച് മൂര്‍ഖന്‍ പാമ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് വിഷപ്പാമ്പുകളെയും ഒരു പെരുമ്പാമ്പിനെയും ഒപ്പം പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍വിഷ് യാദവിന്റെ പേര് പോലീസിന് ലഭിച്ചത്. എല്‍വിഷിന്റെ പാര്‍ട്ടികളില്‍ പാമ്പിന്‍വിഷം എത്തിക്കുന്നത് തങ്ങളാണെന്ന് ഇവര്‍ മൊഴി നല്‍കി. വന്യജീവി നിയമത്തിലെ 9, 39, 49, 50, 51, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുകളനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എല്‍വിഷ് യാദവാണ് റേവ് പാര്‍ട്ടി സംഘടിപ്പിച്ചത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ എല്‍വിഷ് യാദവ് നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ 0.1 ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് എല്‍വിഷ് പറഞ്ഞു. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം

Leave a Reply