വർക്ക് ഫ്രം ഹോമിന്‍റെ പേരിൽ പച്ചക്കറി വിൽപനക്കാരൻ 21 കോടി തട്ടി; പണം പോയത്‌ ചൈനയിലേക്ക്

വർക്ക് ഫ്രം ഹോമിന്‍റെ പേരിൽ പച്ചക്കറി വിൽപനക്കാരൻ 21 കോടി തട്ടി; പണം പോയത്‌ ചൈനയിലേക്ക്

വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പച്ചക്കറി വിൽപ്പനക്കാരനായ 27-കാരൻ തട്ടിയത് 21 കോടി രൂപയെന്ന് റിപ്പോർട്ട്. 27-കാരനായ റിഷഭ് ശർമ്മ എന്ന യുവാവാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിലായി 37 കേസുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ ഇയാൾ പച്ചക്കറി വിൽപ്പന അവസാനിപ്പിച്ച പ്രതി തട്ടിപ്പിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിയെ ഒക്ടോബർ 28-ന് ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത്, പഞ്ചാബ്, ഡൽഹി, തെലങ്കാന, മഹാരാഷ്ട്ര, യു.പി., ഡൽഹി, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ആളുകളിൽനിന്നായി ഇയാൾ 21 കോടിയോളം രൂപ തട്ടിപ്പുനടത്തിയതായി തെളിഞ്ഞത്. ഇരകളായവരിൽ ചിലർക്ക് ഇയാൾ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾവെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസത്തിനുള്ളിലാണ് ഇയാൾ 21 കോടിയുടെ തട്ടിപ്പുനടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുമ്പ് ഫരീദാബാദിൽ പച്ചക്കറി വിൽപ്പന നടത്തിയിരുന്നു ഇയാൾക്ക് കോവിഡ് കാലത്ത് വൻതോതിലുള്ള നഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് പച്ചക്കറി വിൽപ്പന അവസാനിപ്പിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ഇയാൾ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ആരംഭിച്ചു. പഴയ കൂട്ടുകാരനോടൊപ്പം ചേർന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വെറും ആറ് മാസങ്ങൾക്കുള്ളിൽ ഇയാൾ 21 കോടി രൂപയാണ് തട്ടിപ്പിലൂടെ നേടിയതെന്ന് ഡെറാഡൂൺ സൈബർ പോലീസ് ഉദ്യോഗസ്ഥൻ അങ്കുശ് മിശ്രയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റിഷഭിന് തട്ടിപ്പ് നടത്താൻ ആവശ്യമായ ഫോൺ നമ്പറുകളുടെ ഡാറ്റാ ബേസ് നൽകിയിരുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് ആയിരുന്നെന്നാണ് വിവരം. ഡെറാഡൂണിലെ വ്യാപാരിയായിരുന്നു റിഷഭിന്റെ അവസാനത്തെ ഇര. ഇയാളിൽ നിന്ന് 20 ലക്ഷം രൂപയാണ് റിഷഭ് തട്ടിയെടുത്തത്. വ്യാജ വെബ്സൈറ്റ് നിർമ്മിച്ചായിരുന്നു ഇയാൾ വ്യാപാരിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തത്. ഒറിജിനൽ വെബ്സൈറ്റുകളോട് കിടപിടിക്കുന്ന തരത്തിൽ ഒരു വൻകിട ഹോട്ടലിന്റെ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചായിരുന്നു തട്ടിപ്പ്.
തന്റെ ഡാറ്റാ ബേസിലുള്ള ഫോൺ നമ്പറുകളിലെ വാട്സാപ്പിലേക്ക് സന്ദേശം അയച്ചായിരുന്നു ഇയാൾ ഇരകളെ പിടികൂടിയിരുന്നത്. വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് സന്ദേശമയയ്ക്കുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തിലാണ് ഡെറാഡൂണിലെ വ്യാപാരിക്കും സന്ദേശം ലഭിക്കുന്നത്. ഹോട്ടലുകളുടെ റിവ്യൂ എഴുതാനായിരുന്നു ഇയാളോട് റിഷഭ് ആദ്യം ആവശ്യപ്പെട്ടത്. ഇതിന് ശേഷം ടെലഗ്രാമിലേക്ക് ക്ഷണിച്ചു. പിന്നീട് കുറേ ചോദ്യാവലികൾ പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ടു. വിശ്വാസം വന്നശേഷം നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയെന്ന് വ്യാപാരി പറയുന്നു.
‘അവിശ്വസിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എല്ലാം സത്യമായിട്ടാണ് എനിക്ക് തോന്നിയത്. ആദ്യഘട്ടത്തിൽ പതിനായിരം രൂപയാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. വെബ്സൈറ്റും മറ്റും വിപുലപ്പെടുത്താൻ വേണ്ടിയാണെന്നായിരുന്നു അവർ പറഞ്ഞത്. ലാഭത്തിന്റെ ഒരു വിഹിതം നൽകുമെന്നും അവർ പറഞ്ഞു. അതിന് ശേഷം വീണ്ടും പലഘട്ടങ്ങളിലായി 20 ലക്ഷത്തോളം രൂപ തന്റെ കൈയിൽ നിന്ന് തട്ടിയെടുത്തു’, വ്യാപാരി പറയുന്നു.
പണം നിക്ഷേപിക്കുമ്പോഴൊക്കെ ലാഭത്തെക്കുറിച്ചു ചോദിക്കാറുണ്ടായിരുന്നെന്നും എന്നാൽ ആ സമയത്തൊക്കെ കോടിക്കണക്കിന് രൂപ ലാഭം കിട്ടുന്ന ഏർപ്പാടാണെന്നും ഇനിയും നിക്ഷേപിക്കണമെന്നും അവർ വിശ്വസിപ്പിക്കുകയായിരുന്നെന്നും വ്യാപാരി പറയുന്നു. പിന്നീട് ഫോൺ കോളും സന്ദേശവും ലഭിക്കാതായി. വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ് ആയിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് വ്യാപാരി പറയുന്നു.
പ്രതി നൽകിയ ബാങ്ക് അക്കൗണ്ട് വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ഗുഡ്ഗാവ് സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തിയത്. ക്രിപ്റ്റോ കറൻസിയായി ഇയാൾ പണം ചൈനയിലേക്ക് അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘത്തിലെ ഏജന്റാണ് ഇയാളെന്നാണ് വിവരം. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനെക്കുറിച്ച് ഏജന്റുമാർക്ക് യാതൊരു വിവരവും അറിയില്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply