മോശം വസ്ത്രധാരണത്തിന് അറസ്റ്റ് ചെയ്തെന്ന് വ്യാജവീഡിയോ: നടിക്കെതിരെ കേസ്‌

മോശം വസ്ത്രധാരണത്തിന് അറസ്റ്റ് ചെയ്തെന്ന് വ്യാജവീഡിയോ: നടിക്കെതിരെ കേസ്‌

ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ മുംബൈ പോലീസ് കേസെടുത്തു. തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ഉർഫി നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് നടപടി. വീഡിയോയിൽ ഊർഫിക്കൊപ്പമുണ്ടായിരുന്ന പോലീസ് വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കഫേയിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിലാണ് ഉർഫി വീഡിയോ നിർമിച്ചത്. രണ്ട് വനിതാ പോലീസ് ഉദ്യോ​ഗസ്ഥർ ഉർഫിയുടെ അടുത്തുചെന്ന് സംസാരിക്കുകയാണ് വീഡിയോയിൽ. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിക്കുമ്പോൾ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയതിന് എന്നാണ് പോലീസുകാർ നൽകുന്ന മറുപടി. വീഡിയോ വൈറലായതോടെ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മുംബൈ ഡി.സി.പി കൃഷ്ണകാന്ത് ഉപാധ്യായ് വ്യക്തമാക്കി
തുടർന്ന് ഓഷിവാര പോലീസ് ഉർഫിക്കും വീഡിയോയിലുണ്ടായിരുന്ന മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171, 419, 500, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഉർഫിക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വീഡിയോയിൽ പോലീസ് ജീപ്പെന്ന വ്യാജേന ഉപയോ​ഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ഒരാൾക്ക് രാജ്യത്തെ നിയമം ലംഘിക്കാൻ കഴിയില്ലെന്ന് സംഭവം സൂചിപ്പിച്ചുകൊണ്ട് മുംബൈ പോലീസ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരുടേയും പേരെടുത്തുപറയാതെയായിരുന്നു മുംബൈ പോലീസിന്റെ കുറിപ്പ്. മോശം വസ്ത്രധാരണത്തിന്റെ പേരിൽ മുംബൈ പോലീസ് ഒരു സ്ത്രീയെ അറസ്റ്റുചെയ്തെന്ന വാർത്ത ശരിയല്ല. വീഡിയോ നിർമിച്ചവർ പോലീസ് ചിഹ്നവും യൂണിഫോമും ദുരുപയോഗം ചെയ്തതായും മുംബൈ പോലീസ് പറഞ്ഞു.
ഒരു പരസ്യ ക്യാമ്പെയ്ന്റെ ഭാ​ഗമായാണ് വിവാദത്തിനിടയാക്കിയ വീഡിയോ നിർമിച്ചതെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉർഫി നൽകുന്ന വിശ​ദീകരണം. ഇതാദ്യമായല്ല ഉർഫി ജാവേദ് നിയമക്കുരുക്കിലകപ്പെടുന്നത്. 2022 ഡിസംബറിൽ, പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധവും അശ്ലീലവുമായ പ്രവൃത്തികൾ ആരോപിച്ച് അവർക്കെതിരെ അന്ധേരി പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖാണ് പരാതി നൽകിയിരുന്നു.

Leave a Reply