കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് കിക്കോഫ് വോൾഫാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ടൈറ്റിൽ സ്പോൺസറായി സിറ്റി ഗോൾഡ്. നേരത്തെ റിയൽ ഇന്ത്യ വിഷൻ ഒരുക്കിയ മെഗാ ഫാമിലി ഇവെന്റ്സ് ആൻഡ് എന്റർപ്രൂനേഴ്സ് മീറ്റിന്റെ മുഖ്യസ്പോൺസർഷിപ്പും സിറ്റി ഗോൾഡ് തന്നെയായിരുന്നു. ജില്ലയിലെ കലാ-കായിക- സാംസ്‌കാരിക രംഗത്ത് ശ്കതമായ പിന്തുണ നൽകുന്ന സിറ്റി ഗോൾഡ് ചെയർമാൻ കെഎ അബ്ദുൽ കരീം എന്ന കാസര്കോട്ടുകാരുടെ പ്രിയപ്പെട്ട കരീംച്ച നൽകുന്ന മറ്റൊരു പിന്തുണയാണ് റിയൽ ഇന്ത്യ വിഷന്റെ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് ലഭിച്ചതെന്നും ടൂർണമെന്റ്റ് സംഘാടകർ പറഞ്ഞു.
അതേ സമയം, മികച്ച സജ്ജീകരങ്ങളോടെയാണ് റിയൽ ഇന്ത്യ വിഷന്റെ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഒരുങ്ങുന്നത്. കായിക മന്ത്രി വി അബ്ദുൽ റഹ്മാനാണ് ചാമ്പ്യൻഷിപ്പിന്റെ ഫസ്റ്റ്ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. കൂടാതെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 16 ടീമുകളാണ് കളത്തിലിറങ്ങുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.