ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക്; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; അറിയിപ്പുകൾ ഇങ്ങനെ

ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക്; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; അറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്ത് എത്താൻ സാധ്യത. കഴിഞ്ഞദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം വടക്ക് -വടക്ക് കിഴക്ക് ദിശയിൽ സൗരാഷ്ട്ര – കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവി (ഗുജറാത്ത്‌) ക്കും കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം അതിതീവ്രചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത. പരമാവധി 150 കി.മീ ആയിരിക്കും കാറ്റിന്‍റെ വേഗത. കേരളത്തിൽ അടുത്ത വരും ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. എന്നാൽ ഒരിടത്തും അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. 47000ത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. 67 ട്രെയിനുകൾ പൂർണമായും 48 എണ്ണം ഭാഗികമായും ജൂൺ 16 വരെ റദ്ദാക്കി. ഗുജറാത്തിലെ ഭുജ് വിമാനത്താവളം താൽക്കാലികമായി അടച്ചു. കണ്ട്‍ല, മുന്ദ്ര തുറമുഖങ്ങളും അടച്ചിട്ടുണ്ട്.

ഞായറാഴ്ച വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യത. ഈ കാറ്റിന്‍റെ വേഗത ഇന്ന് മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലും കുറയാൻ സാധ്യത. ജൂൺ 16ന് രാവിലെ കാറ്റിന്‍റെ ശക്തികുറഞ്ഞു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത.

മധ്യകിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത. ഈ കാറ്റിന്‍റെ വേഗത ഇന്ന് രാവിലെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആകാൻ സാധ്യത.

Leave a Reply