ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ, സംഭവം കോടതിക്ക് മുന്നിൽ, യുവതി തേനിയിൽ ചികിത്സയിൽ

ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ, സംഭവം കോടതിക്ക് മുന്നിൽ, യുവതി തേനിയിൽ ചികിത്സയിൽ

കുമളി: വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് ക്വട്ടേഷൻ നൽകി. കാർ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കാർ ഡ്രൈവർ പാണ്ടിരാജ് (22) ആണ് അറസ്റ്റിലായത്. അപകടത്തിൽ പരുക്കേറ്റ മണിമാല (38) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവ് രമേശിനെ (45) ഒളിവിൽ കഴിയവേ പോലീസ് പിടികൂടി.

ബോഡിനായ്ക്കന്നൂർ കോടതിക്ക് മുന്നിലായിരുന്നു സംഭവം. തേവാരം നോർത്ത് സ്ട്രീറ്റിൽ താമസിക്കുന്ന രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് 14 വയസ്സുള്ള ഒരു മകൻ ഉണ്ട്. ഇരുവരും തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തി. തുടർന്ന് മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണ് തിങ്കളാഴ്ച കോടതിക്ക് മുന്നിൽ വച്ച് കാർ ഇടിക്കുന്നത്.

സ്വാഭാവിക അപകടം എന്നാണ് പലീസ് ആദ്യം കരുതിയത്. എന്നാൽ കാർ ഡ്രൈവർ പാണ്ടിരാജിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് രമേശ് ക്വട്ടേഷൻ നൽകിയതാണെന്ന് വ്യക്തമായത്. തുടർന്ന് പാണ്ടിരാജിൻ്റെ അറസ്റ്റു രേഖപ്പെടുത്തി. വിവരം പുറത്തായതോടെ രമേശ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.

Leave a Reply