വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റ് ചെയ്‌തു. ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകൻ പിടിയിലായി. കൊല്ലം കുമ്മിൾ സ്വദേശി ഡാൻസ് മാസ്റ്റർ സുനിൽ കുമാറിനെയാണ് പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന വ്യക്തിയായിരുന്നു സുനിൽകുമാർ എന്ന് പൊലീസ് പറഞ്ഞു.
12 വയസ്സായ ആൺകുട്ടിയെയാണ് ഇയാൾ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പന്ത്രണ്ടുകാരൻ്റെ പെരുമാറ്റത്തിൽ അടുത്തിടെ വലിയ മാറ്റമുണ്ടായത് കുട്ടിയുടെ രക്ഷകർത്താക്കൾ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് കുട്ടിയോട് അവർ സംസാരിച്ചുവെങ്കിലും കുട്ടി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സ്കൂളിലെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകർ കുട്ടിയെ സ്കൂളിൽ വിളിച്ചുവരുത്തി സംസാരിച്ചു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിക്ക് കൗൺസിലിംഗ് നൽകിയിരുന്നു. കൗൺസിലിങ്ങിനിടയിലാണ് തന്നോട് നൃത്താധ്യാപകൻ കാണിക്കുന്ന പ്രവർത്തികൾ കുട്ടി വിവരിച്ചത്.
പീഡന വിവരം പുറത്തറിഞ്ഞതോടെ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സുനിൽകുമാറിനെ പിടികൂടുകയായിരുന്നു. വർഷങ്ങളായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന അധ്യാപകനാണ് സുനിൽകുമാർ എന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നൃത്തം പഠിപ്പിക്കാൻ എത്തിയാൽ രക്ഷകർത്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുന്ന രീതിയിൽ പെരുമാറുകയാണ് ഇയാളുടെ രീതി. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിൽ രക്ഷകർത്താക്കൾ ഇയാളെ അവിശ്വസിച്ചിരുന്നില്ല.
രക്ഷകർത്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയാൽ അതിന്റെ ബലത്തിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവയ്ക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. ഇയാൾ നൃത്തം പഠിപ്പിക്കുന്ന മറ്റു കുട്ടികൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുൻപും ഇയാളുടെ പേരിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
2019ലും പ്രായപൂർത്തിയാക്കാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിൽ ആയിരുന്നു. തുടർന്ന് റിമാൻഡിലായ ഇയാൾ 60 ദിവസം ജയിലിൽ കിടന്നതിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്.